Pages

Showing posts with label ബ്ലോഗു പരിചയം. Show all posts
Showing posts with label ബ്ലോഗു പരിചയം. Show all posts

Mar 21, 2012

നക്ഷത്രങ്ങളുടെ കൂട്ടുകാരിക്കൊരു ബ്ലോഗ്

പ്രിയപ്പെട്ടവരെ,
അകാലത്തിൽ നമ്മോടു വിടപറഞ്ഞു പറന്നകന്ന നക്ഷത്രങ്ങളുടെ കൂട്ടുകാരി ബ്ലോഗർ നീസ വെള്ളൂരിന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത രചനകളെ പരിചയപ്പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. അവളെ ബൂലോകത്തേക്കു കൈപിടിച്ചു നടത്തുമ്പോൾ ഒരു നല്ല ലക്ഷ്യമുണ്ടായിരുന്നു. ലുക്കീമിയ ബാധിച്ചു ചികിത്സയിലായിരുന്നു ഏറെക്കാലം അവൾ. മുമ്പൊക്കെ വല്ലപ്പോഴും പനികൂടുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകലായിരുന്നു പതിവ്. ഇക്കാലത്താണ് വളരെ യാദൃശ്ചികമായി അവളുടെ കവിതചൊല്ലൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നെ അവൾക്കു ബ്ലോഗു പരിചയപ്പെടുത്തുകയും നിലാമഴകൾ തുടങ്ങുകയും ചെയ്തു. കാണുന്ന അവസരങ്ങളിൽ അവൾ കവിതകൾ എന്നെ ഏൽപ്പിക്കുകയും ഞാനത് ബ്ലോഗിലിടുകയുമായിരുന്നു പതിവ്, അവൾക്ക് കമ്പ്യൂട്ടർ ഇല്ല്ലായിരുന്നു.

അവളുടെ വിയോഗ ശേഷമാണ് എന്നെ ഏൽപ്പിച്ചതിൽ കൂടുതൽ കവിതകൾ അവൾ എഴുതിക്കൂട്ടിയിരുന്നു എന്നു മനസ്സിലായത്. കവിതകൾ മാത്രമല്ല കഥകളും പതിനഞ്ച് അദ്ധ്യായങ്ങളിലായി "നിശാ ശലഭങ്ങൾ" എന്ന പേരിൽ ഒരു നോവലും അവൾ എഴുതിയിരുന്നു. എഴുതി സൂക്ഷിച്ചിരുന്ന കുറേയധികം കഥകളും കവിതകളും അവൾ ഉദ്ദേശിച്ചത്ര നന്നായില്ലെന്ന കാരണം പറഞ്ഞ് അവൾ നശിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പക്ഷേ അവളുടെ രചനകൾക്ക് മറ്റുള്ളവർ വേണ്ടവിധം ശ്രദ്ധ കൊടുക്കുന്നില്ലെന്ന തോന്നലാവാം അങ്ങനെ ചെയ്തതിനു പിന്നിൽ. ബ്ലോഗിൽ തന്റെ കവിതയ്ക്കു വന്ന ആദ്യകമനു കണ്ടപ്പോഴുണ്ടായ സന്തോഷം നേരിട്ടറിഞ്ഞയാളെന്ന നിലയിൽ എനിക്ക് അങ്ങനെതന്നെയാണു തോന്നുന്നത്. കാരണം പിന്നെയൊരിക്കലും അവൾ എഴുതിയതു നശിപ്പിച്ചിട്ടില്ല.


അവളുടെ രോഗാവസ്ഥയുടെ സ്ഥിതിയനുസരിച്ച് അവളുടെ ബ്ലോഗിൽ പോസ്റ്റുകൾ തമ്മിലുള്ള സമയം വ്യത്യാസപ്പെട്ടിരുന്നു. തന്റെ രചനകൾ ബൂലോകത്തെത്തിക്കുന്നതിലും അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കുന്നതിലും അവൾ വളരെ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷം അവൾക്ക് തുടർന്നു നൽകാനുംവളുടെ വ്യസനത്തിൽ പങ്കാളിയാകാനും അവളെ സഹായിക്കാനും അങ്ങനെ ലക്ഷ്യപ്രാപ്തിയിലെത്താൻ നമുക്കു കുറേയെങ്കിലും സാധിച്ചിട്ടുണ്ട്. കഥകളും നോവലും കവിതകളുമായി ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവൾ ആഗ്രഹിച്ചിരുന്ന സൃഷ്ടികൾ തുടർന്നും ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്. അതിനുവേണ്ടി "നിലാമഴകൾ" എന്നപേരിൽ മറ്റൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നീസ വെള്ളൂരിന്റെ കഥകളും കവിതകളും ഇനി അവിടെ വായിക്കാം. "പറയാതെ ഒരു യാത്ര" എന്ന പേരിൽ അവൾ എഴുതിയ ഒരു കഥയാണ് ആദ്യപോസ്റ്റാക്കിയിരിക്കുന്നത്.

നമ്മോടു വിടപറയുമ്പോൾ അവൾ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിനു ശേഷം അവൾക്ക് കൃത്യമായി സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. അവളുടെ ദുരിതവേദനകൾ മറക്കാൻ എഴുതിക്കൂട്ടിയ വേദനാ സംഹാരികളായി മാത്രമേ അവളുടെ രചനകളെ കാണാവൂ എന്നൊരു നിർദ്ദേശമുണ്ട്. വലിയ സാഹിത്യസൃഷ്ടിയുടെ കെട്ടും മട്ടും ഒരുപക്ഷേ അവയിൽ കണ്ടുകൊള്ളണമെന്നില്ല. എന്തുതന്നെയായാലും അവളുടെ പോസ്റ്റുകളിലെ കമന്റുകൾക്കു മറുപടിയുണ്ടാവില്ല. നിർദ്ദേശങ്ങളും വിമർശനങ്ങളും അവൾ അറിയുന്നുമുണ്ടാവില്ല. ആശംസകൾ വായിക്കാൻ അവൾ ഇന്നു ജീവിച്ചിരിപ്പില്ല. അവളുടെ ബ്ലോഗിലെ അവസാന പോസ്റ്റിലെ ആദ്യ കമന്റിനുണ്ടായ അവളുടെ പ്രതികരണം ഞാനറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ ബ്ലോഗിന്റെ കമന്റുബോക്സ് ഞാൻ തുറന്നുതന്നെ വയ്ക്കുന്നു. ഒരുപക്ഷേ നമ്മൾ കാണാത്ത ലോകത്തിരുന്ന് അവൾ നമ്മളെഴുതുന്ന അഭിപ്രായങ്ങൾ വായിച്ചു സന്തോഷിക്കുന്നുണ്ടാവുമെങ്കിലോ... ബൂലോകത്തെ ഒരുപാടു സ്നേഹിച്ച അവളുടെ ആ വരികളിലും വാക്കുകളിലും കൂടിയാവട്ടെ ഇനി അവൾ നമ്മോടു സംവദിക്കുന്നത്.

Dec 13, 2009

പാലക്കാട്ടേട്ടന്റെ ബ്ലോഗ്...

സാധാരണ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്ഥമായി ബ്ലോഗുകളില്‍നിന്നു ബ്ലോഗുകളിലേയ്ക്ക് കുറെ സഞ്ചരിച്ചു. വളരെക്കാലത്തിനു ശേഷം ഒരു ഞായറാഴ്‌ച മുഴുവന്‍ ബ്ലോഗില്‍! ഇത്രയും പോസ്റ്റുകള്‍ ഒറ്റയിരുപ്പില്‍ ഇതുവരെ വായിച്ചിട്ടില്ല. പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ ബ്ലോഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരു മാരത്തണ്‍. ഒട്ടുമിയ്ക്ക ബ്ലോഗുകളിലും കമന്റിപ്പോന്നു. കീമാനാണുപയോഗിയ്ക്കുന്നത്. പലര്‍ക്കും വേഡ്‌വെരി ഫാഷനായതിനാല്‍ രണ്ടുവട്ടം ശ്രമിച്ചിട്ടും കഴിയാത്തത് ഉപേക്ഷിച്ചു പോന്നു. ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ ഹാജരുവയ്ക്കുന്ന ശീലത്തിന് ഇങ്ങനെ ചിലപ്പോഴൊക്കെ തടസ്സം വരുന്നു.

കറക്കത്തിനിടയില്‍ Pyari singh ന്റെ ബ്ലോഗിലെത്തി. എഴുതുന്ന രീതി വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ ഈ പോസ്റ്റ് ഇടാനുണ്ടായ കാരണം മറ്റൊന്നാണ്. മുല്ലപ്പെരിയാര്‍ സംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയില്‍ അവിചാരിതമായി ഒരു ബ്ലോഗിലെത്തി. പാലക്കാട് പറളി സ്വദേശിയായ റിട്ടേര്‍ഡ് കറണ്ടാപ്പീസ് ഉദ്യോഗസ്ഥനായ കേരളദാസനുണ്ണി (പാലക്കാട്ടേട്ടന്‍) എന്നു ബ്ലോഗറുടെ ഓര്‍മ്മത്തെറ്റുപോലെ എന്നബ്ലോഗില്‍.

നാടന്‍ പശ്ചാത്തലത്തില്‍ വളരെ മനോഹരമായ നോവല്‍ അവിടെക്കണ്ടു. മുപ്പത്തിഒന്ന് അദ്ധ്യായങ്ങള്‍ ആയിരിയ്ക്കുന്നു. തുടരനായതിനാലാവണം അധികം വിസിറ്റേഴ്‌സ് ഇല്ലെന്നു തോന്നുന്നു. പല പോസ്റ്റുകള്‍ക്കും കമന്റുമില്ല. പക്ഷേ ഒന്നിനൊന്നു മികച്ച അദ്ധ്യായങ്ങളുമായി ഒരു നല്ല നോവല്‍ ബ്ലോഗായി അതു മാറിയിരിയ്ക്കുന്നു എന്നതില്‍ സംശയമില്ല. അനുയോജ്യമായ ടെമ്പ്ലേറ്റുകൂടിയായപ്പോള്‍ നോവല്‍ മാത്രമല്ല ബ്ലോഗും മനോഹരം.

എന്റെ കാഴ്ച്ചപ്പാടാണു പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം എങ്ങിനെയെന്നറിയില്ല. ഒച്ചയും വിളിയുമൊന്നുമില്ലാതെ നല്ലനിലയില്‍ മുന്നേറുന്ന ബ്ലോഗുകള്‍ ശ്രദ്ധിയ്ക്കപ്പെടണമെന്ന ഉദ്ദേശം മാത്രമേ ഉള്ളൂ. നോവലിന്റെ ലോകത്ത് ഇതു ശ്രദ്ധിയ്ക്കപ്പെടുമെന്ന വിശ്വാസത്തോടെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണിതു കുറിയ്ക്കുന്നത്. അദ്ദേഹത്തെയാകട്ടെ ഞാന്‍ അറിയുകയുമില്ല. അതുകൊണ്ട് എന്റെ ഫോണ്‍ശല്യം അദ്ദേഹം അനുഭവിച്ചിട്ടുമില്ല (ഭാഗ്യവാന്‍).അദ്ദേഹത്തിന്റെ നോവലിലെ ചിലവരികള്‍താഴെ...

“വീട്ടിലെത്തുമ്പോള്‍ ഉമ്മറ മുറ്റത്ത് രണ്ട് കാറുകള്‍ കിടക്കുന്നു. വേലായുധന്‍ കുട്ടി വാങ്ങിയ കാറ് ഷെഡ്ഡില്‍ ആണ്. ഇത് വല്ല വിരുന്നുകാരുടേയും ആവും. ആരാ,എവിടുന്നാ എന്നൊന്നും ആരും തന്നോട് പറയാറില്ല. അതൊന്നും തനിക്ക് ഒട്ട് അറിയുകയും വേണ്ടാ. വണ്ടിപ്പുര നിന്ന സ്ഥലത്താണ്. കാറ് നില്‍ക്കാന്‍ പുര പണിതത്. അച്ഛന്‍റെ കാലത്ത് പണിത വണ്ടിപ്പുരയാണ്. പൊളിക്കരുത് എന്ന് നൂറ് പ്രാവശ്യം പറഞ്ഞതാണ്. കേട്ടില്ല. ഒക്കെ സ്വന്തം അഭിപ്രായം പോലെ ചെയ്യട്ടെ. നല്ല ഒന്നാന്തരം പത്തായപ്പുര ഉണ്ടായിരുന്നത് പൊളിച്ച് കളഞ്ഞിട്ട് വാര്‍പ്പ് കെട്ടിടം ആക്കി. ഇപ്പോള്‍ വേനല്‍കാലത്ത് ചുട്ടിട്ട് അതിനകത്ത് മനുഷ്യന്‍ കിടക്കില്ല. ഒരു ദിവസം പോലും താന്‍ അതില്‍ കിടന്നിട്ടില്ല. മഴയായാലും വേനലായാലും വണ്ടിപ്പുരയിലാണ് കിടപ്പ്.”

വളരനല്ലരീതിയില്‍ ഇനിയും ഏറെക്കാലം എഴുതാന്‍ അദ്ദേഹത്തിനു സാധിയ്ക്കട്ടെയെന്നാശംസിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെയുണ്ട്.

Jun 4, 2009

നുണയല്ല... നുണയനാ...

ബൂലോകരേ തല്ലല്ലേ...


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ കാണുന്ന, ഇപ്പോള്‍ നിങ്ങള്‍

വായിച്ചുകൊണ്ടിരിക്കുന്ന മലയാള അക്ഷരങ്ങള്‍ക്കു ഭംഗി കുറവുണ്ടോ ?

(നല്ല സ്റ്റൈലന്‍ മലയാളത്തില്‍ ബ്ളോഗുവായന നടത്തിക്കൊണ്ടിരിക്കുന്നവര്‍

ഈ പോസ്റ്റ്‌ ശ്രദ്ധിക്കേണ്ടതില്ല). നല്ല ചൊങ്കും ചൊറുക്കുമുള്ള

മലയാളത്തില്‍ ബ്ളോഗു വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്‌ ഫയര്‍ഫോക്സിന്‍റെ

ബ്രൌസര്‍ ഡൌണ്‍ലോഡ്‌ ചെയ്യാം...

ഇനിപ്പറയൂ... എങ്ങിനെയുണ്ട്‌ ?


ഒന്നുകൂടി...


അക്ഷരത്തെറ്റുകള്‍ ബ്ളോഗെഴുത്തിലും വായനയിലും പ്രശ്നമല്ലെന്നറിയാം.

വരമൊഴിയില്‍ എഴുതുമ്പോള്‍ സ്വാഭാവികമായി ചില വാക്കുകളില്‍ കയറിവരുന്ന

ചെറിയ പ്രശ്നം പരിഹരിക്കാന്‍ പലരും മെനക്കെടാറുമില്ല (എണ്റ്റെ, റയില്വേ മുതലായവ).

ഒരു ചെറിയ സൂത്രപ്പണിയില്‍ തീര്‍ക്കാവുന്നതേ ഉള്ളൂ ഇത്‌.

ente എന്നത്‌ en Re എന്നെഴുതുക, RayilvE എന്നത്‌ Rayil vE എന്നും.

പേസ്റ്റ്‌ ചെയ്തതിനു ശേഷം അക്ഷരങ്ങളുടെ ഇടയിലെ സ്പെയ്സ്‌ ഒഴിവാക്കാം.

ഇനി നോക്കൂ...

എന്‍റെ റയില്‍വേ ശരിയായില്ലേ


വീണ്ടും...


അന്‍പതും നൂറും അഞ്ഞൂറും സാധനങ്ങളുടെ ലിസ്റ്റും മൊബൈല്‍ നമ്പരുകളും

വ്യക്തികളുടെ പേരും അങ്ങനെ എന്തും ഒറ്റപ്രാവശ്യം മാത്രം കേട്ട്‌

ഓര്‍മ്മിച്ചു തെറ്റാതെ പറയുന്നത്‌ കണ്ടു നിങ്ങള്‍ അത്ഭുതപ്പെട്ടു നിന്നിട്ടുണ്ടോ ?

നിങ്ങള്‍ക്കുമതിനു സാധിക്കും,

ബൂലോകര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ നമുക്ക്‌ ഒരുമിച്ചു തുടങ്ങാം...

വേണമോ വേണ്ടായോ നിങ്ങള്‍ പറയൂ...