Pages

Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Oct 13, 2012

പോയി തൂങ്ങിച്ചാവ്...

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ആര്യാടൻ മുഹമ്മദിന്റെ മാർഗ്ഗ ദർശനത്തിൽ ഉമ്മൻചാണ്ടി സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങളും പൊതുജനസേവന വിദ്യകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും വലിയ വിപ്ലവം തന്നെയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചക്ക് ഇത്രയധികം പ്രചോദനം നൽകി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള മറ്റു സർക്കാരുകളെ ഇന്ത്യൻ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷേ ഇവകൊണ്ടൂള്ള സാമ്പത്തികാഭിവൃദ്ധി കൊട്ടാരങ്ങളിൽ മാത്രമാണു ലഭ്യമാകുന്നതെന്നത് മിണ്ടിപ്പോകരുത്. ഇവ കുടിലുകളിലേക്കുകൂടി എത്താൻ ആഗ്രഹിക്കുന്നതിനു കൂടി നിയന്ത്രണം വരുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ... കോരനു കുമ്പിളും അന്യമായിക്കൊണ്ടിരിക്കുന്നു.. ഒരു പക്ഷേ പഴമയിലേക്കുള്ള മടക്കത്തിനുള്ള തുടക്കമായിരിക്കും, എല്ലാ അർത്ഥത്തിലും....!

   പെട്രോൾ ഡീസൽ വിലവർദ്ധന മൂലമുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധന മൂലം ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിയുണ്ട്. കാര്യങ്ങളുടെ രഹസ്യങ്ങൾ ആരും കാണാതിരിക്കാൻ വിവരാവകാശ നിയമത്തെ സർജറിക്കു വിധേയനാക്കുകയാണു സർദാർജി. പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക. ഒരുഗതിയും പരഗതിയുമില്ലാത്ത വാടകക്കാരന്റെ ഗ്യാസ് നേരത്തേതന്നെ പോയി, ഇപ്പൊ ഉള്ള ഗ്യാസും പോയി. എങ്ങനെ കറണ്ടു കൊടുക്കാമെന്നു ചിന്തിക്കുന്നതിനു പകരം എങ്ങനെ അതു മുടക്കാമെന്നാണ് ആലോചിക്കുന്നത്. തിളങ്ങട്ടെ മന്മോഹനും ആര്യാടനും അങ്ങനെ ഇന്ത്യയും. കൈയിലും കോണിയിലും കുത്തിയവർ അവനവന്റെ നെഞ്ചത്തുകൂടി കുത്തിക്കോളിൻ...

ഒന്നു പോയി തൂങ്ങിച്ചത്തൂടെ....?

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും



Jan 4, 2012

ഇതു കാണാതെ പോകരുത്

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും.

 രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

 നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ.

 വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

 രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!

Apr 19, 2010

ബ്ലോഗെഴുത്തിനു വിട

ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്കുകയും അവരുമായുള്ള നല്ല ബന്ധം എക്കാലവും കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. അത്യാവശ്യം സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്. പക്ഷേ ആ ബന്ധങ്ങള്‍ക്കു കോട്ടം സംഭവിയ്ക്കുന്നുണ്ടോ എന്ന് എനിയ്ക്കു ഭയപ്പാടു വന്നു തുടങ്ങിയിരിയ്ക്കുന്നു. സത്യസന്ധമായി കമന്റുകളെഴുതുന്നത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മറ്റു ബ്ലോഗുകളില്‍ കമന്റുകളെഴുതാതെ സ്വന്തം ബ്ലോഗില്‍ കുത്തിവരയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കമന്റോപ്ഷന്‍ അടച്ചു വയ്ക്കാമെന്നു വച്ചാല്‍ അത് വായനക്കാരോടു ചെയ്യുന്ന നീതികേടുമാകും. അതിനാല്‍ പഴയതുപോലെ നിശബ്ദ വായനക്കാരനായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അതിനു വേണ്ടി ബ്ലോഗെഴുത്തിനോടു വിടപറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.

നിശബ്ദ വായനക്കാരന്‍ എപ്പോഴും അജ്ഞാതനായിരിയ്ക്കും. അതിനാല്‍ എന്റെ പ്രൊഫൈല്‍ ഫോട്ടോയും മൊബൈല്‍ നമ്പരും ഞാന്‍ നീക്കം ചെയ്യുന്നു. എന്റെ കമന്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ സദയം ക്ഷമിയ്ക്കുക. നല്ല ഒരു വായനക്കാരനായി ബൂലോകത്തു തുടരാമെന്ന പ്രതീക്ഷയോടെ ബ്ലോഗെഴുത്തില്‍ നിന്നും അനിശ്ചിതകാലത്തേയ്ക്ക് വിടവാങ്ങുന്നു. ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുക്കേണ്ടി വന്നതിന്റെ കാരണം ചോദിയ്ക്കരുത്. എല്ലാര്‍ക്കും സന്തോഷദായകമായ ഒരു ബ്ലോഗെഴുത്തും വായനയും ആശംസിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം,
സാബു കൊട്ടോട്ടി.

Sep 19, 2009

ഞാന്‍ ബൂലോക വഞ്ചകന്‍..!

വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്. റിഫ്രെഷ് മെമ്മറി ശരിയാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. പലരും സഹായിച്ചിട്ടുമുണ്ട്. എനിയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്ന വിധത്തിലുള്ള പോസ്റ്റ് എന്തിനു വന്നെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല. ഞാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായാല്‍ അതു നേരിട്ടുതന്നെ അവരുമായി സംസാരിയ്ക്കാനാണു ഞാന്‍ ശ്രദ്ധിയ്ക്കാറ്. അതിനു കാരണക്കാരായവര്‍ ആരുതന്നെയായിരുന്നാലും അവരോടെതിര്‍ക്കാനുള്ള ആമ്പിയര്‍ എനിയ്ക്കുണ്ട്. അതിനെ ബൂലോക സംഭവമാക്കുന്നതെന്തിനാണ്? ഇതില്‍ പരോക്ഷമായെങ്കിലും സ്പര്‍ശിയ്ക്കുന്ന വ്യക്തിയുമായി ഞാന്‍ നേരിട്ടു സംസാരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിനു കാര്യങ്ങള്‍ മനസ്സിലായെന്നാണ് എനിയ്ക്കു തോന്നുന്നത്. അങ്ങിനെയല്ലെങ്കില്‍ അതു പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ തന്നെ ശ്രമിച്ചോളാം. ഇക്കാര്യത്തില്‍ കൊട്ടോട്ടിക്കരന്റെ നിലവിളി കേള്‍ക്കാന്‍ തല്‍ക്കാലം ബൂലോകര്‍ക്കു ഭാഗ്യമില്ല. ആരുടെയും സഹതാപവും എനിയ്ക്കാവശ്യമില്ല. കൊട്ടോട്ടിക്കാരന് ഒളിച്ചുവച്ച പ്രൊഫൈലുമില്ല. നല്ല വെണ്ടയ്ക്കാ അക്ഷരത്തില്‍ മൊബൈല്‍ നമ്പരും ചേര്‍ത്തിട്ടുണ്ട്. ആണായി സംസാരിയ്ക്കാനാണ് എനിയ്ക്കു താല്പര്യം. അതിനാലാണ് ആണത്തമില്ലാത്ത പോസ്റ്റില്‍ (അനോണി ബ്ലോഗില്‍) കമന്റേണ്ടെന്നു തീരുമാനിച്ചത്.