Pages

Apr 27, 2013

ആ സദ്യ പെരും നഷ്ടമായി


  രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേയില്ല. കൂട്ടുകാർ പറയുന്നത് പലുതേക്കുന്ന സ്വഭാവവും ഇല്ലെന്നാണ്. അപ്പൊപ്പിന്നെ കുളിയുടെ കാര്യം പറയുകയും വേണ്ടല്ലോ...

സ്വയം പുകഴ്ത്തുവാന്നു തോന്നരുത്, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഞാൻ ഒട്ടും മോശമല്ല. അല്ലേലും ഒരുവന്റെ ഗുണം വിളിച്ചു പറയുന്നതിനേക്കാൾ എല്ലാർക്കും താല്പര്യം മറ്റുപലതും പറയാനാണല്ലോ...

കാലം തെറ്റിയ കാലാവസ്ഥ കാരണം കോലായിലായിരുന്നു കിടപ്പ്. സ്ഥാനം മാറിയ പുതപ്പിനിടയിലൂടെ അരിച്ചിറങ്ങിയ വെയിൽ എന്റെ ഉറക്കത്തിനു ഭംഗ വരുത്തി. കണ്ണുതിരുമ്മി ചുമരിലേക്കു നോക്കിയപ്പൊ സമാധാനമായി. നേരം വൈകിയിട്ടില്ല....

മാസങ്ങൾക്കു മുന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്.. വൈദ്യരുടെ കഷായം തീർന്നിട്ടു രണ്ടാഴ്ച കഴിഞ്ഞു. ആര്യവേപ്പിന്റെ ഇലയുടെ മാധുര്യമുള്ള കഷായം ചില്ലറയൊന്നുമല്ല ആറു കുപ്പിയാണു കുടിച്ചു തീർത്തത്. കഷായം കുടിയല്ല അതിനു വൈദ്യർ കൽപ്പിച്ചു തന്ന പഥ്യമായിരുന്നു കഷ്ടം. ചില്ലി ചിക്കനും മത്തി മൊളിയാറും കൂന്തൾ പൊരിച്ചതുമെല്ലാം കണ്ടിരിക്കാൻ മാത്രം വിധി. കുടിക്കാൻ അനുവദിച്ച കഞ്ഞിയിലാകട്ടെ ഉപ്പു ചേർക്കാൻ പോലും പഹയൻ സമ്മതിച്ചില്ല.

ഐപ്പീയെല്ലു കണ്ട് ഉറക്കം കളഞ്ഞതിന്റെ ക്ഷീണം ബാക്കിയുണ്ട്. ക്രിസ്സിന്റെ സിക്സറോ സച്ചിന്റെ കുറ്റിപോയതോ ഒന്നും ചിന്തിക്കാൻ ഇപ്പൊ സമയമില്ല. വേഗം കുളിയും തേവാരവും കഴിക്കണം അല്ലേൽ തീവണ്ടി അതിന്റെ പാട്ടിനു പോവും...

റയിൽവേ സ്റ്റേഷന്റെ കവാടം മുതൽ ക്യൂവാണ്. നേരത്തേ ടിക്കറ്റെടുത്തുവച്ചതു നന്നായി. അല്ലേൽ പൂരത്തള്ളിനു പുറമേ പൂരത്തെറിയും മുഴക്കി ജനറൽ കമ്പാർട്ടുമെന്റിൽ തൂങ്ങേണ്ടി വന്നേനെ... ഇടിച്ചു കയറി ക്ഷീണിച്ചുചെന്നാൽ ആകെ കുഴയും.

 മാസങ്ങൾ നീണ്ട കഷായസേവക്കു ശേഷം കിട്ടിയ അവസരം വെറുതേ പഴാക്കാൻ എന്തായാലും വയ്യ. പതിനെട്ടു തൊടുകറികളും പായസവുമുണ്ടെന്നാണു കേട്ടത്. വായക്കു രുചിയായി എന്തെങ്കിലും കഴിച്ച കാലം ഐക്കരപ്പടികഴിഞ്ഞു വീണ്ടും എങ്ങോട്ടോ പോയി.

തൃശൂർ കഴിഞ്ഞതോടെ തീവണ്ടിയിലെ തിരക്കു കുറഞ്ഞപ്പോഴാണു ഏരെക്കുറേ സമാധാനമായത്. ഈ പണ്ടാരങ്ങളെല്ലാം കൂടി തിരൂരേക്കാണെന്നാണു കരുതിയത്. അതുകൊണ്ടുതന്നെ പതിനെട്ടു പോയിട്ട് പപ്പടമെങ്കിലും കിട്ടിയാൽ സമാധാനമായി എന്നു കരുതിയതു തിരുത്തി.

വൈദ്യരു പറഞ്ഞിരുന്നത് ഓട്ടോക്ക് ഇരുപതു കൊടുത്താൽ മതിയെന്നയിരുന്നു. ഓട്ടോക്കാരൻ ഇരുപത്തഞ്ചു വാങ്ങി.

"എന്താ ചേട്ടാ, അഞ്ചു കൂടുതലാണല്ലോ..."
അയാൾ രൂക്ഷമായി എന്നെ നോക്കി. അഞ്ചല്ല അതിലും കൂട്ടിത്തരാം എന്ന് അയാളുടെ കണ്ണുകൾ വിളിച്ചു പറയുന്നതായി തോന്നി. വീണ്ടും കഷായക്കുഴിയിൽ ചാടാനുള്ള ആഗ്രഹം തൽക്കാലം അഞ്ചു രൂപയിലൊതുക്കി.

രണ്ടുവർഷം മുമ്പും ഇവിടെ വന്നിരുന്നതാണ്. അന്നത്തെ സദ്യയൂണിന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടം പിടിച്ചാൽ കിട്ടുന്നില്ല. ഇരുന്നൂറാളിന്റെ സദ്യയൊരുക്കിയിട്ടുണ്ടെന്നായിരുന്നു പഞ്ചാരക്കുഞ്ചു അന്നു പറഞ്ഞത്. അവസാനമുണ്ടാൽ ആവോളമുണ്ണമെന്നു കരുതി കാത്തിരുന്നു. അവസാനം പപ്പടം പൊടിച്ച് വണ്ടിക്കൂലി മുതലാക്കേണ്ടി വന്നു.

ഇത്തവണ എന്തായാലും പറ്റുപറ്റരുത്. സ്വാഗതമോതിയ കുറിമാനം പതിച്ച പ്രവേശന കവാടത്തിനപ്പുറം വെള്ളയിൽ കറുത്ത പുള്ളി പതിച്ച തുഞ്ചന്റെ പട്ടിയെ പ്രതീക്ഷിച്ചു. ഇത്തവണ ഒരു ശുനകൻ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടവാം.

ഭാഗ്യം, സദ്യ വിളമ്പിത്തുടങ്ങിയിട്ടില്ല. ഇത്തവണ ആദ്യ പന്തിയിൽത്തന്നെ ഇരിക്കണം. പ്രതീക്ഷയോടെ കാത്തു നിന്നു. ഇലകളിലേക്ക് കറികൾ വിളമ്പുന്നതു കണ്ടപ്പോൾത്തന്നെ സമാധാനമയി. വൈദ്യരു വാക്കു തെറ്റിച്ചിട്ടില്ല. പതിനെട്ടു തൊടുകറികളും പപ്പടവും പായസവുമൊക്കെയായി ഒരു നെടുങ്കൻ സദ്യ ഉറപ്പ്.

"ഒരമ്പതു പേരു പേർ വരൂ...."

പഞ്ചാരക്കുട്ടൻ സദ്യയുണ്ണൻ ക്ഷണിക്കുകയാണ്. തുഞ്ചൻ പറമ്പിലെ ഊട്ടുപുരയുടെ കാര്യമതാണ്. പരമാവധി അമ്പതുപേർക്ക് ഒരു സമയം അറുമാദിക്കാം. ബാക്കിയുള്ളവർക്ക് കണ്ടുമദിക്കാം...

ഏതായാലും സമയം കളയണ്ട, ആദ്യ അമ്പതിൽത്തന്നെ സ്ഥാനം പിടിക്കാം....

ഉള്ളിലേക്കു കടക്കാനാഞ്ഞപ്പോൾ ഒരാൾ കുപ്പായത്തിനുപിടിച്ച് പുറത്തേക്കിട്ടു. ഏതാണ്ട് നൂറ്റമ്പതു കിലോഗ്രാമുള്ള ആ ബാഹു..  അയാളുടെ ഉണ്ടക്കണ്ണുകൊണ്ടുള്ളനോട്ടം കണ്ടപ്പോഴേ ജീവൻ പകുതി പോയി...

ഇയാൾക്കെന്നതിന്റെ സൂക്കേടാ ഊണേശ്വരം മുഴുവൻ ഇയാളുടെ സ്വന്തമാണോ..? ഇയാളെന്റെ സദ്യ മുടക്കാനുള്ള പടപ്പുറപ്പാടാണോ..?

അരുതേയെന്ന ഭാവം കണ്ണുകളിലാവാഹിച്ച് ഒരു നോട്ടമെറിഞ്ഞു. അതു കണാത്ത മട്ടിൽ കണ്ണുകളുരുട്ടി അയാൾ ചോദിച്ചു..

"എവിടെ..."
 "എന്ത്...?"
" ചീട്ട്."
"എന്തു ചീട്ടാ ചേട്ടാ...?"

" ഇവിടെയുള്ളവരുടെയൊക്കെ നെഞ്ചത്തു കുത്തി വച്ചിരിക്കുന്ന ചീട്ടുകണ്ടാ... പോയിഅതൊരെണ്ണം മേടിച്ചു കുത്തിവാ, എന്നിട്ട് അകത്തു കേറാം..."

ഇതിനേക്കാൾ ഭേദം എന്റെ നെഞ്ചത്തു  കുത്തുന്നതാ.. അങ്ങനെ പറയാനാണു തോന്നിയതെങ്കിലും അയാളുടെ കണ്ണുകളും ആ നിൽപ്പും കണ്ടപ്പോൾ തൽക്കാം ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചു....

"എവിടാ ചേട്ടാ ചീട്ട് കിട്ടുക...?"

അയാൾ ചൂണ്ടിക്കാണിച്ചിടത്തേക്കുപ പാഞ്ഞു.

"ചേട്ടാ ഒരു ചീട്ട്...."
"നീലയോ ചുവപ്പോ?"
"അതെന്താചേട്ടാ രണ്ടു കളറ്...?"
"ചൊമലയെന്നാൽ ഇവിടെ അറുമാദിക്കാൻ വന്നവർ, മറ്റേത് അതു കാണാൻ വന്നവരും. നിനക്ക് ഏതാ വേണ്ടത്...?

അടുത്ത പന്തിക്കു കേറി അറുമാദിക്കാം... ശേഷം കണ്ടും നിൽക്കാം, ഒത്താൽ അവസാന പന്തിയിലും ഒന്നറുമാദിക്കാം.... ഏതായാലുംവന്നതു മുതലാക്കണമല്ലോ...

"ചുവപ്പുതന്നോളൂ..."
അയാൾ ഒരുചീട്ട് മുന്നോട്ടു നീട്ടി, പേരും വിലാസവും വിശദമായിത്തന്നെ എഴുതിക്കൊടുത്തു.

"ഇരുന്നൂറു രൂപ എടുക്ക്...."
"എന്തിന്..?"
"ഇവിടെ അറുമാദിക്കണമെങ്കിൽ രൂപാ ഇരുന്നൂറു തരണം...."

നേരത്തേ തീവണ്ടി ടിക്കറ്റെടുത്തതുകൊണ്ട് കയ്യിൽ കാര്യമായി ഒന്നും കരുതിയിരുന്നില്ല. സദ്യക്കരം പിരിക്കുന്ന വിവരം അറിഞ്ഞിരുന്നുമില്ല. ഇതിപ്പൊ അരിയും പോയി മണ്ണെണ്ണയും പോയി പഞ്ചസാരക്കു വച്ചിരുന്ന പണവും പോയെന്നു പറഞ്ഞപോലായല്ലോ. എന്തൊക്കെയോ കളഞ്ഞ അണ്ണാനെപ്പോലെ വിഷണ്ണവിഷാദപരവശനായി ഞാൻ തുഞ്ചന്റെ മണ്ണിലിരുന്നു...

ചുമരിൽചേർത്ത്റേതോ ബാങ്കു സ്ഥാപിച്ചിരുന്ന വെള്ളപ്പാട്ടയിൽനിന്ന് തീരുമാനമാക്കിയ രണ്ടിറക്കിൽ സദ്യയൊതുക്കി ഞാൻ റയിൽവേസ്റ്റേഷനിലേക്കു നടന്നു...

അപ്പോൾ തുഞ്ചൻപറമ്പിലെത്തുന്ന കിളികളെ മണിയടിക്കാനെത്തിയ മണിവീരൻ തന്റെ മയിൽ വാഹനത്തിലിരുന്ന് എന്നെ കളിയാക്കുന്നുണ്ടായിരുന്നു.