Pages

May 15, 2011

ഭൂമിയുടെ അവകാശികള്‍

അശരണര്‍ക്കും ആലംബമറ്റവര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന അനവധി സംഘടനകളേയും സന്നദ്ധപ്രവര്‍ത്തകരെയും നമുക്കറിയാം. ബൂലോരായ നമ്മുടെയിടയിലും സേവനതല്‍പരരായ അനവധി നല്ലമുഖങ്ങള്‍ ഉണ്ടെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ നന്മയുടെ പ്രവര്‍ത്തനമേഖലകള്‍ക്ക് തടസ്സമാവില്ലെന്നു തെളിയിച്ചുകൊണ്ട് ജീവിതത്തില്‍ കഷ്ടതയനുഭവിയ്ക്കുന്ന നൂറുകണക്കിന് ജീവിതങ്ങളില്‍ ആശ്വാസവചനമാവാന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ശ്രദ്ധചെലുത്തുന്നവരില്‍ ഒരാളായ ബ്ലോഗര്‍ ഷബ്‌ന പൊന്നാടിനെ തീര്‍ച്ചയായും നമ്മള്‍ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുമ്പ് ഒറ്റയ്ക്കും കൂട്ടായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഷബ്‌ന ഒരു ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.

മലപ്പുറത്ത് എടവണ്ണപ്പാറയില്‍ കഴിഞ്ഞ മെയ് 11ന് ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും സഹായവിതരണവും വിവിധ കലാ പരിപാടികളും നടക്കുകയുണ്ടായി. ഏതെങ്കിലും തരത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളും അവരുടെ കുടുംബാംഗങ്ങളുമാണ് പ്രധാനമായും ചടങ്ങില്‍ പങ്കെടുത്തത്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളേയും ചടങ്ങില്‍ കാണാന്‍ സാധിച്ചു. ജില്ലാകളക്ടര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഗമത്തിലെത്തിയവര്‍ക്കൊപ്പം കോഴിക്കോട് ആകാശവാണിയിലെ ആര്‍ കെ മാമന്‍


കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ നിര, ചിത്രം അപൂര്‍ണ്ണമാണ്


"കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു...." ആര്‍ കെ മാമന്‍ പാടിയപ്പോള്‍ അതു സദസ്സിനൊരു അനുഭവമായി. നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ചു നില്‍ക്കുന്നത് ബ്ലോഗര്‍ ഫൈസു മദീന.


എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഷബ്‌നയുടെ പിതാവ് മുഹമ്മദ് (കുഞ്ഞൂട്ടി).


സദസ്സില്‍ നിന്നും... (വീഡിയോഗ്രാഫറുടെ തൊട്ടടുത്തായി ചുവന്ന ഷര്‍ട്ടു ധരിച്ചിരിക്കുന്നത് ബ്ലോഗര്‍ മുസ്തഫ. ചിത്രത്തിന്റെ മധ്യഭാഗത്ത് ചുവന്ന കുപ്പായക്കാരന്‍ ബ്ലോഗര്‍ ഷിഹാബ് പൂക്കോട്ടൂര്‍).


സംഘാടനത്തിന്റെ നിര്‍വൃതിയില്‍ ഷബ്‌ന പൊന്നാട് കൂട്ടായ്മയിലെത്തിയവരോടൊപ്പം...

ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ മറന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ ഇങ്ങനെ ഒരു കൂട്ടായ്‌മയുടെ പ്രസക്തിയെപ്പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. അവരെ കുറ്റംപറയാനല്ല, ചിലരെങ്കിലും കാണാതെയും പരാമര്‍ശിയ്ക്കാതെയുംപോയ പ്രധാനകാര്യം ഒന്നു സൂചിപ്പിയ്ക്കട്ടെ. പ്രതിമാസം വലിയ ഒരു സംഖ്യ ഷ‌ബ്‌ന ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ചെലവാകുന്നുണ്ട്. ചുരുക്കം ചില സഹജീവിസ്നേഹികളില്‍ നിന്നു ലഭിയ്ക്കുന്ന സഹായം ആവശ്യമായ കാര്യങ്ങള്‍ക്കു തികയുന്നില്ല. ഇവിടെയാണ് നമ്മള്‍ക്ക് റോളുള്ളത്. സമയമില്ലായ്മയാണ് നമ്മളില്‍ പലര്‍ക്കും ഇതുപോലുള്ളകാര്യങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നത്. വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബൂലോകര്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാടു ചെയ്യാന്‍ കഴിയുമെന്നാണ് എനിയ്ക്കു തോന്നുന്നത്. പ്രതിമാസം ഒരു നിശ്ചിത സംഖ്യ അതെത്രതന്നെ ചെറുതായാലും എത്തിച്ചുകൊടുക്കാന്‍ പറ്റിയാല്‍ അത് ഏറ്റവും വലിയ പുണ്യമാകും. ദിവസവും വലിയൊരു സംഖ്യ മരുന്നിന് ആവശ്യമുള്ളവരും ഒരു നേരത്തെ ആഹാരത്തിനുള്ള വകയില്ലാത്തവരും സ്വന്തമായി ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവരുമായ നിരവധി ജന്മങ്ങള്‍ക്ക് ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുണയാവുന്നുണ്ട്. അവരില്‍ തീരെ കിടപ്പിലായവരൊഴികെയുള്ളവരെല്ലാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ശാരീരിക വൈകല്യങ്ങളുള്ള എന്നാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുറച്ചുപേരും അവിടെ എത്തിയിരുന്നു. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അശരണരിലേയ്ക്ക് എത്തിയ്ക്കാന്‍ ഉത്സാഹപൂര്‍വ്വം അവര്‍ പ്രവര്‍ത്തിയ്ക്കുന്നതു കണ്ടു. നമുക്കതു കണ്ടുപഠിയ്ക്കാം. തീരാ ദുരിതത്തില്‍ നിന്നും അല്‍പമെങ്കിലും ആശ്വാസം നമുക്കു കൊടുക്കാന്‍ തടസ്സമില്ലെങ്കില്‍ അതു ചെയ്യുന്നതല്ലേ നല്ലത്. പ്രതിമാസം നമ്മളാല്‍ കഴിയുന്ന ഒരു തുക നല്‍കി ഈ സല്‍ക്കര്‍മ്മത്തില്‍ നമുക്കും പങ്കാളിയാകാം. ബൂലോകത്ത് നമ്മുടെ സഹജീവികള്‍ മനസ്സറിഞ്ഞു പരിപാലിയ്ക്കുന്ന ജീവിതത്തിന്റെ പുതുനാമ്പുകള്‍ വാടാതെ നമുക്കു സംരക്ഷിയ്ക്കാം.

May 4, 2011

മൂലക്കുരു ബ്ലോഗിലും

കര്‍ണ്ണാടകയിലെ ഗാളീമുഖം ടൌണിലാണു സംഭവം. ഒരുപറ്റം ബ്ലോഗര്‍മാര്‍ ഊരുതെണ്ടാനെത്തിയതാണ്. ചുറ്റും കന്നടത്തിലുള്ള ബോര്‍ഡുകള്‍ മാത്രം. മുള്ളേരിയയിലെ മൂലക്കുരു മാത്രം മലയാളത്തില്‍ തൂങ്ങിക്കിടക്കുന്നു..! എല്ലാം കന്നടത്തിലാക്കി മൂലക്കുരുവിനെ മാത്രം മലയാളീകരിച്ചതെന്തിനാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.