Pages

Nov 13, 2012

സഹയാത്രികന്റെ ആക്ടീവ് വോയിസും പാസീവ് വോയിസും

  കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം നോർത്തിലെ മെക്ക ഹാളിലാണു മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ചിത്രകാരനും കൂട്ടരും മുമ്പ് ബൂലോക ശിൽപ്പശാല നടത്തിയ അതേ ഹാൾ. ജനശദാബ്ദി 9:40നു തന്നെ എറണാകുളത്തെത്തുമെന്ന വിശ്വാസത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. അധികം സ്റ്റോപ്പുകൾ അതിനില്ലല്ലോ. ഷൊർണ്ണൂർ കഴിഞ്ഞപ്പഴാ ശരിക്കും വിവരമറിഞ്ഞത് ചാലക്കുടിയിൽ ട്രാക്കിനടിയിലെ മണ്ണിടിഞ്ഞ് ട്രയിൻ സമയങ്ങൾ ആകെ താറുമാറായിരിക്കുന്നു. ഏന്തിയും വലിഞ്ഞും പന്ത്രണ്ടുമണിക്ക് നോർത്തിലെത്തി. പിന്നെ മഹാരാജാ ബ്ലോഗർ ശ്രീമാൻ ജോ ജോഹർ എന്ന ബ്ലോഗർ ജോയെക്കാത്ത് ഒരു പതിനഞ്ചു മിനിട്ടുകൂടി. 

  തന്റെ ഒരു അടുത്ത ബന്ധുവിനോടു കാട്ടിയ സിറ്റി ബാങ്കിന്റെ കൂതറത്തരത്തിന് ഒരു പണികൊടുക്കലാണു ജോയുടെ ലക്ഷ്യം. ഹാളിലെത്തിയപ്പൊ സമാധാനമായി. റയിൽ കുഴയൽ തെക്കോട്ടും ബാധിച്ചിരുന്നതിനാൽ എല്ലാരും എത്താൻ വൈകിയിരിക്കുന്നു. വൈകാതെ കമ്മിറ്റികൂടി തീരുമാനങ്ങളെടുത്തു വിശാലമായ സദ്യയും കഴിച്ചു പിരിഞ്ഞു. വരാനുള്ളതു വഴിയിൽ തങ്ങില്ലെന്നതിനു തിലകം ചാർത്തിക്കൊണ്ട്, ബ്ലോഗർ ശ്രീമാൻ ജോയെ കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാനക്കമ്മിറ്റിയിലേക്ക് ഇതിനകം ചുഴറ്റിയെറിഞ്ഞുകഴിഞ്ഞിരുന്നു. മൂപ്പർക്കും ഇരിക്കട്ടെ കുറച്ചു പണി.

  എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ ട്രയിനിൽ കയറിയപ്പോഴാണ് എനിക്കു പണികിട്ടിയത്. പൊട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ ദൈവം ചതിക്കും എന്നത് അന്വർത്ഥമായതുപോലെ.

  എന്റെ അവകാശമായ വിൻഡോ സീറ്റിൽ ഒരു മധ്യവസ്കൻ നല്ല ഗമയിൽ ഞെളിഞ്ഞിരിക്കുന്നു. സൗത്തീന്നു കേറിയതാന്നു തോന്നുന്നു. കയ്യിൽ ഒരു ഇംഗ്ലീഷ് ദിനപ്പത്രം. അടുത്തദിവസം പരീക്ഷയാണെന്നതുപോലെയാണു പഠിപ്പ്. അൽപ്പസമയം അയാളെയും സീറ്റുനമ്പരിലേക്കും മാറിമാറിനോക്കി ശ്രദ്ധക്ഷണിച്ചു നിന്നു. നോ മൈന്റ്... മുതിർന്നയാളല്ലേ, കാറ്റുകൊണ്ട് ഇരിക്കണമെന്നു തോന്നിക്കാണും, അവിടെ ഇരുന്നോട്ടെയെന്നു കരുതി അടുത്ത നമ്പർ സീറ്റിൽ ഇരിക്കാമെന്നു വച്ചു.

"ഒന്നു നീങ്ങിയിരിക്കാമോ..?".

  രൂക്ഷമായ ഒരു നോട്ടത്തോടെ ആ തിരുചന്തി ഒരൊന്നരയിഞ്ച് നീക്കിവച്ചുതന്നു. എന്നിലെ "ഉണരൂ ഉപഭോക്താവേ ഉണരൂ.." തിളച്ചു വന്നെങ്കിലും "അടങ്ങസുമാ..."യെന്നു പറഞ്ഞ് ഞാൻ പരിത്യാഗിയായി. പത്രം മുഴുവൻ കാണാതെ പഠിച്ച് നാലായി മടക്കി ബാഗിൽ വച്ച് മാന്യദേഹം ഒന്നിളകിയിരുന്നു.

"എവിടേക്കാ...."  ഒരുമാതിരി ചോദ്യമാണ്.ആ ശൈലി അത്ര ദഹിച്ചില്ലെങ്കിലും വിനയാന്വിത കഞ്ചകകുഞ്ചനായിപ്പറഞ്ഞു.
"തിരൂരിറങ്ങും..."  അതങ്ങനെയാണ്, മസിലു പിടിച്ചു സംസാരിക്കാൻ വരുന്നവരോട് പരമാവധി എത്ര പഞ്ചപുച്ഛമടക്കാൻ പറ്റുമോ അത്രയും ചെയ്യൂം. ചുമ്മാ അങ്ങു പൊക്കിക്കൊടുക്കും, ടാക്സ് കൊടുക്കണ്ടാല്ലോ കെടക്കട്ടെ....

"താങ്കൾ എങ്ങോട്ടാ...?"
"കോഴിക്കോട്, ഇയാൾ ഇവിടെ..?" മൂപ്പരു വിടുന്ന മട്ടില്ല.
"നോർത്തുവരെ ഒന്നു വന്നതാ ഒരു ചെറിയ കാര്യമുണ്ടായിരുന്നു..."
"നോർത്തിലെവിടെ.."
"മെക്ക ഹാളിലാ..."
"അവിടെന്താ പരിപാടി.."
"കൺസ്യൂമർ കൗൺസിലിന്റെ സ്റ്റേറ്റ് കമ്മിറ്റി ഒന്നു കൂടിയതാ.."
"നിങ്ങളാരാ...?"
"ഞാൻ സാബു കൊട്ടോട്ടി..."
"അതല്ല, ആ കമ്മിറ്റിയിലെ ആരാന്ന്..."
"ഒരു സാധാരണ അംഗം.. എന്തേ....?"
"വെറുതേ..."

  സംഗതി എനിക്കു ചൊറിഞ്ഞു തുടങ്ങിയിരുന്നു. കാരണം സാധാരണ നടക്കുന്ന ഒരു സൗഹൃദ സംഭാഷണത്തിന്റെ രീതിയല്ലായിരുന്നു ആ ചോദ്യങ്ങൾക്ക്. അയാൾ വലിയ ആരൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള മറ്റുള്ളവരെ കൊച്ചാക്കുന്ന ധ്വനിയിലുള്ള ഒരുതരം സംസാരം..

"എവിടെയാ ജോലി ചെയ്യുന്നെ..."
"ഒരു സാധാരണ കൂലിപ്പണിക്കാരനാ..."
"എന്തു കൂലിപ്പണിയാ..."
"ഈ ഇരുമ്പും സ്റ്റെയിലെസ് സ്റ്റീലുമൊക്കെ ഒട്ടിക്കുന്ന പണിയാ..."
"ഉം... വെൽഡിങ്ങാണു പണി അല്ലേ.. അതീന്നു ജീവിച്ചു പോകാനുള്ളതൊക്കെ കിട്ടുമോ...?"
"എന്നെപ്പോലുള്ളവർക്കു കിട്ടും.. മറ്റുള്ളവരുടെ കാര്യമറിയില്ല".
 "വേറെന്തു ചെയ്യുന്നു..."

"പ്രത്യേകിച്ച് ഒന്നുമില്ല. ചില്ലറ സാമൂഹ്യ പ്രവർത്തനങ്ങളും കുറച്ചു ബ്ലോഗെഴുത്തും ചെറിയ ട്രയിനിംഗ് പരിപാടികളുമായി അങ്ങു പോകുന്നു..." ചോദ്യങ്ങളുടെ എണ്ണം കുറക്കാൻ ഞാൻ ഉത്തരങ്ങളുടെ എണ്ണം കൂട്ടി.
"എന്തു ബ്ലോഗിങ്ങാ...?
"അത് ഇന്റെർനെറ്റിലൂടെ കഥകളും കവിതകളും ലേഖനങ്ങളും മറ്റു പരിപാടികളുമൊക്കെ പ്രസിദ്ധപ്പെടുത്തുന്ന ഏർപ്പാടാ".
"പൈസാ കിട്ടുമോ..?"
"ഇല്ല"
"എന്തു ട്രയിനിംഗാ നീ ചെയ്യുന്നത്...?" മൂപ്പർ വിടാൻ ഒരുക്കമില്ലെന്നു തോന്നുന്നു.
"ഓർത്തിരിക്കാൻ ചില സൂത്രപ്പണികൾ സ്കൂളുകളിലും കോളേജുകളിലും പിന്നെ ആരെങ്കിലുമൊക്കെ ആവശ്യപ്പെട്ടാൽ എവിടെയും ചെയ്യും..."

"എത്ര രൂപാ കിട്ടും..?"
"ആ പരിപാടിക്കു കാശു വാങ്ങാറില്ല. ജീവിക്കാൽ എനിക്ക് കളർക്കോളർ ജോലിയുണ്ടല്ലോ..."(വെള്ളക്കോളർ എന്നതിന്റെ വിപരീദമായി ഇതിനെ കണ്ടാൽ മതി).

"ഏതുവരെ പഠിച്ചു..?"
"വലിയ പഠിപ്പൊന്നുമില്ല. പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ചു. പിന്നീടുള്ളതെല്ലാം വായനയിലൂടെ കിട്ടിയതാ....
"അപ്പൊ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലേ.. പിന്നെങ്ങനാ ട്രൈനിംഗൊക്കെ നടത്തുന്നെ...?"
 "അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഇംഗ്ലീഷ് അറിയണമെന്നില്ലല്ലോ.. താങ്കളെന്തു ചെയ്യുന്നു...? ഒരു മറുചോദ്യമെറിഞ്ഞു.
"ഞാൻ സ്റ്റ്ച്യസ് ക്യൂക്സിക് പിപ്ലിക്കൂസിയൽ എഞ്ചിനീയറായി കഴിഞ്ഞ കൊല്ലം വിരമിച്ചു. ഇപ്പോൾ പത്തിരുപത്തയ്യായിരം രൂപ പെൻഷനും വാങ്ങി വീട്ടിലിരിക്കുന്നു.." (സത്യത്തിൽ അയാൾ പറഞ്ഞ ഇംഗ്ലീഷ് എനിക്ക് മനസ്സിലായില്ല. ശരിക്ക് കേട്ടതുമില്ല, അല്ലെങ്കിൽ എനിക്ക് മനസ്സിലാവാതിരിക്കാൻ മനപ്പൂർവ്വം അയാൾ പറഞ്ഞു. ഏതായാലും ഞാൻ കേട്ടപോലെ ഇവിടെ എഴുതിയെന്നു മാത്രം. കൂടുതൽ അയാളിൽ കൂടുതൽ പ്രതീക്ഷയുള്ളതുകൊണ്ട് സംഗതിയെന്താണെന്ന് എടുത്തു ചോദിച്ചില്ല).

"നിനക്ക് ആക്ടീവ് വോയിസും പാസ്സീവ് വോയിസുമൊക്കെ അറിയാമോ...?" എന്നിലെ സഹനത്തിനു ക്ഷതം സംഭവിച്ചുതുടങ്ങി. ഇയാളെ ഇനി വെറുതേ വിട്ടാൽ പറ്റില്ല.

"അല്ല മാഷേ, നിങ്ങൾക്കറിയുമോ ഈ ആക്ടിവും പാസീവും...? അതോ നിങ്ങൾക്കു മാത്രമേ അറിയുവോളോ...? നമ്മളൊക്കെ ഗ്രാമർ പഠിച്ചിട്ടാണോ മലയാളം സംസാരിക്കുന്നത്...?"

"ആക്ടീവ് വോയിസും പാസീവ് വോയിസുമെന്നും അറിയാതെ നിന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ളവർക്ക് നീ ക്ലാസ്സെടുക്കുന്നതെങ്ങനാന്നാ ചോദിച്ചത്..."
"അതു ഞാനെങ്ങനെയെങ്കിലുമെടുത്തോളാം. എല്ലാരും എല്ലാം പഠിച്ചോണ്ടല്ലല്ലോ എല്ലാം ചെയ്യുന്നത്. ഈ ആക്ടീവും പാസ്സീവുമില്ലാതെനിവിടാർക്കും ജീവിക്കാൻ പറ്റില്ലേ? അതോ അവ രണ്ടുമാണോ നമുക്കൊക്കെ ചെലവിനുതരുന്നത്? ഹല്ലപിന്നെ " കൂതറയാവാൻ നമ്മളും മോശമല്ലല്ലോ!

കറുത്തകോട്ടുമിട്ട് ചീട്ടു പരിശോധകൻ ഞങ്ങളുടെ അടുത്തെത്തി. മൊബൈലിലെ റിസർവേഷൻ മെസേജ് എടുത്തു കാണിച്ചു, ഐഡി കാർഡും...
ശേഷം നമ്മുടെ മഹാനോടു ടിക്കറ്റ് ചോദിച്ചു. ഒരു ഇ-പ്രിന്റ് ടിക്കറ്റ് മൂപ്പരും കൊടുത്തു.
"കൺഫേമല്ലല്ലോ.... ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല.." ടിടിആർ.
അപ്പൊ ഈ പഹയൻ ഇത്രയും നേരം എന്റെ വിൻഡോസീറ്റു കവർന്നത്...? എന്നെ വിശദീകരിച്ചു വിസ്തരിച്ചത്...?

"ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല, ഫൈനടക്കണം..." എന്റെ സഹയാത്രികൻ ചെറുതായി വിളറിയോന്ന് എനിക്കു സംശയം തോന്നി.  ഇത്രയും നേരം വലിയ മാന്യനായതല്ലേ അൽപ്പം വിയർക്കട്ടെ.
"ഞാൻ കൺഫേമാകുമെന്നാ കരുതിയത്, ഇവിടെ ആളില്ലല്ലോ ഞാനിവിടെ ഇരുന്നോളാം..."
"അതിനു റയിൽവേ താങ്കൾക്കു ഫ്രീയായി യാത്ര അനുവദിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല"
"ഞാൻ ടിക്കറ്റിനു പൈസ കൊടുത്തതാണല്ലോ..."
"ആണെങ്കിൽ അത് ടിക്കറ്റെടുത്ത അക്കൗണ്ടിലെത്തിക്കൊള്ളും. ഇപ്പൊ ഫൈനടക്കണം അല്ലേൽ മറ്റുകാര്യങ്ങൾ നോക്കേണ്ടിവരും..."
അപ്പോഴേക്കും ട്രയിൻ രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടുകഴിഞ്ഞിരുന്നു. കയ്യിൽ കാശില്ലാഞ്ഞിട്ടോ വാശിമൂത്തിട്ടോ അതോ മസിൽ അയഞ്ഞിട്ടോ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "അടുത്ത സ്റ്റോപ്പിൽ ഞാൻ ജനറലിലേക്കു മാറിക്കൊള്ളാം..."

"മാറണം..." ടിടിആർ അടുത്തയാളുടെ അടുത്തേക്കു നീങ്ങി. എന്റെ സഹയാത്രികനാകട്ടെ  എന്തോ കളഞ്ഞ അണ്ണാനെപ്പോലെിരിക്കുകയാണ്.

"ചേട്ടാ ഒന്നിങ്ങോട്ടു മാറൂ, അതെന്റെ സീറ്റാ.. ഞാനവിടിരിക്കട്ടെ..." ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ ചന്തി പൂർണ്ണമായിത്തന്നെ ഒഴിവാക്കിതന്നു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പാഞ്ഞുചെന്ന് ടിക്കറ്റെടുമെത്ത് ജനറൽ കമ്പാർട്ടുമെന്റിലേക്കു ഓടുമ്പോൾ അദ്ദേഹത്തോട് ആക്റ്റീവ് വോയിസും പാസീവ് വോയിസും മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ഓർമ്മിപ്പിക്കാൻ എന്തുകൊണ്ടോ തോന്നിയില്ല. എന്തായാലും ഇനിയുള്ളകാലം അവ രണ്ടും അയാളും പിന്നെ ഞാനും മറക്കുമെന്നു തോന്നുന്നില്ല.

വാൽ: റയിവേ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫേമാകാത്ത പക്ഷം അത് ഓട്ടോമറ്റിക് ക്യാൻസൾഡ് ആയി ഏത് അക്കൗണ്ടിൽ നിന്നാണോ പണം റയി‌ൽവേക്കു കിട്ടിയത് അതേ അക്കൗണ്ടിലേക്ക് തുക തിരികെ അയച്ചുകൊടുക്കും. ഇതറിയാവുന്ന വിരുതനായിരുന്നു എന്റെ സഹയാത്രികൻ. ഇ-ടിക്കറ്റായിരുന്നതിനാൽ പണം അയാൾക്കു തന്നെ തിരികെക്കിട്ടും. യാത്ര സൗജന്യവുമാകും. അതാണ് എക്സാമിനർ തടഞ്ഞത്.

Oct 13, 2012

പോയി തൂങ്ങിച്ചാവ്...

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ആര്യാടൻ മുഹമ്മദിന്റെ മാർഗ്ഗ ദർശനത്തിൽ ഉമ്മൻചാണ്ടി സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങളും പൊതുജനസേവന വിദ്യകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും വലിയ വിപ്ലവം തന്നെയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചക്ക് ഇത്രയധികം പ്രചോദനം നൽകി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള മറ്റു സർക്കാരുകളെ ഇന്ത്യൻ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷേ ഇവകൊണ്ടൂള്ള സാമ്പത്തികാഭിവൃദ്ധി കൊട്ടാരങ്ങളിൽ മാത്രമാണു ലഭ്യമാകുന്നതെന്നത് മിണ്ടിപ്പോകരുത്. ഇവ കുടിലുകളിലേക്കുകൂടി എത്താൻ ആഗ്രഹിക്കുന്നതിനു കൂടി നിയന്ത്രണം വരുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ... കോരനു കുമ്പിളും അന്യമായിക്കൊണ്ടിരിക്കുന്നു.. ഒരു പക്ഷേ പഴമയിലേക്കുള്ള മടക്കത്തിനുള്ള തുടക്കമായിരിക്കും, എല്ലാ അർത്ഥത്തിലും....!

   പെട്രോൾ ഡീസൽ വിലവർദ്ധന മൂലമുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധന മൂലം ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിയുണ്ട്. കാര്യങ്ങളുടെ രഹസ്യങ്ങൾ ആരും കാണാതിരിക്കാൻ വിവരാവകാശ നിയമത്തെ സർജറിക്കു വിധേയനാക്കുകയാണു സർദാർജി. പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക. ഒരുഗതിയും പരഗതിയുമില്ലാത്ത വാടകക്കാരന്റെ ഗ്യാസ് നേരത്തേതന്നെ പോയി, ഇപ്പൊ ഉള്ള ഗ്യാസും പോയി. എങ്ങനെ കറണ്ടു കൊടുക്കാമെന്നു ചിന്തിക്കുന്നതിനു പകരം എങ്ങനെ അതു മുടക്കാമെന്നാണ് ആലോചിക്കുന്നത്. തിളങ്ങട്ടെ മന്മോഹനും ആര്യാടനും അങ്ങനെ ഇന്ത്യയും. കൈയിലും കോണിയിലും കുത്തിയവർ അവനവന്റെ നെഞ്ചത്തുകൂടി കുത്തിക്കോളിൻ...

ഒന്നു പോയി തൂങ്ങിച്ചത്തൂടെ....?

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും



Aug 17, 2012

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.



  ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ബൂലോകത്തെ ഏറ്റവും മനോഹരമായ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുക്കാൻ ഇതുവഴി പോകാം.

Jun 11, 2012

ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു

  ബൂലോകരുടെ സൃഷ്ടികളെ അനുവാദമില്ലാതെ യാതൊരുളുപ്പുമില്ലാതെ കട്ടെടുത്തു വിളമ്പുന്ന വൃത്തികെട്ട പ്രവൃത്തികളിൽ നിന്നകന്ന് നമ്മുടെ രചനകൾ നന്നായി വായിച്ച് ആസ്വദിച്ച് വിലയിരുത്തി അവയുടെ രചയിതാക്കളുടെ അനുമതികിട്ടിയാൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനെക്കുറിച്ചാണു പറയുന്നത്. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസ്തുത മാഗസിനെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിനെറ്റ് എന്ന സാംസ്കാരിക വാർത്താ മാസികയെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്. ബൂലോകർക്ക് ആർക്കും എഴുതാം, വായിക്കാം, യാതൊരു തടസ്സവുമില്ലാതെ.... ...


ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു 

Mar 21, 2012

നക്ഷത്രങ്ങളുടെ കൂട്ടുകാരിക്കൊരു ബ്ലോഗ്

പ്രിയപ്പെട്ടവരെ,
അകാലത്തിൽ നമ്മോടു വിടപറഞ്ഞു പറന്നകന്ന നക്ഷത്രങ്ങളുടെ കൂട്ടുകാരി ബ്ലോഗർ നീസ വെള്ളൂരിന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത രചനകളെ പരിചയപ്പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. അവളെ ബൂലോകത്തേക്കു കൈപിടിച്ചു നടത്തുമ്പോൾ ഒരു നല്ല ലക്ഷ്യമുണ്ടായിരുന്നു. ലുക്കീമിയ ബാധിച്ചു ചികിത്സയിലായിരുന്നു ഏറെക്കാലം അവൾ. മുമ്പൊക്കെ വല്ലപ്പോഴും പനികൂടുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകലായിരുന്നു പതിവ്. ഇക്കാലത്താണ് വളരെ യാദൃശ്ചികമായി അവളുടെ കവിതചൊല്ലൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നെ അവൾക്കു ബ്ലോഗു പരിചയപ്പെടുത്തുകയും നിലാമഴകൾ തുടങ്ങുകയും ചെയ്തു. കാണുന്ന അവസരങ്ങളിൽ അവൾ കവിതകൾ എന്നെ ഏൽപ്പിക്കുകയും ഞാനത് ബ്ലോഗിലിടുകയുമായിരുന്നു പതിവ്, അവൾക്ക് കമ്പ്യൂട്ടർ ഇല്ല്ലായിരുന്നു.

അവളുടെ വിയോഗ ശേഷമാണ് എന്നെ ഏൽപ്പിച്ചതിൽ കൂടുതൽ കവിതകൾ അവൾ എഴുതിക്കൂട്ടിയിരുന്നു എന്നു മനസ്സിലായത്. കവിതകൾ മാത്രമല്ല കഥകളും പതിനഞ്ച് അദ്ധ്യായങ്ങളിലായി "നിശാ ശലഭങ്ങൾ" എന്ന പേരിൽ ഒരു നോവലും അവൾ എഴുതിയിരുന്നു. എഴുതി സൂക്ഷിച്ചിരുന്ന കുറേയധികം കഥകളും കവിതകളും അവൾ ഉദ്ദേശിച്ചത്ര നന്നായില്ലെന്ന കാരണം പറഞ്ഞ് അവൾ നശിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പക്ഷേ അവളുടെ രചനകൾക്ക് മറ്റുള്ളവർ വേണ്ടവിധം ശ്രദ്ധ കൊടുക്കുന്നില്ലെന്ന തോന്നലാവാം അങ്ങനെ ചെയ്തതിനു പിന്നിൽ. ബ്ലോഗിൽ തന്റെ കവിതയ്ക്കു വന്ന ആദ്യകമനു കണ്ടപ്പോഴുണ്ടായ സന്തോഷം നേരിട്ടറിഞ്ഞയാളെന്ന നിലയിൽ എനിക്ക് അങ്ങനെതന്നെയാണു തോന്നുന്നത്. കാരണം പിന്നെയൊരിക്കലും അവൾ എഴുതിയതു നശിപ്പിച്ചിട്ടില്ല.


അവളുടെ രോഗാവസ്ഥയുടെ സ്ഥിതിയനുസരിച്ച് അവളുടെ ബ്ലോഗിൽ പോസ്റ്റുകൾ തമ്മിലുള്ള സമയം വ്യത്യാസപ്പെട്ടിരുന്നു. തന്റെ രചനകൾ ബൂലോകത്തെത്തിക്കുന്നതിലും അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കുന്നതിലും അവൾ വളരെ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷം അവൾക്ക് തുടർന്നു നൽകാനുംവളുടെ വ്യസനത്തിൽ പങ്കാളിയാകാനും അവളെ സഹായിക്കാനും അങ്ങനെ ലക്ഷ്യപ്രാപ്തിയിലെത്താൻ നമുക്കു കുറേയെങ്കിലും സാധിച്ചിട്ടുണ്ട്. കഥകളും നോവലും കവിതകളുമായി ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവൾ ആഗ്രഹിച്ചിരുന്ന സൃഷ്ടികൾ തുടർന്നും ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്. അതിനുവേണ്ടി "നിലാമഴകൾ" എന്നപേരിൽ മറ്റൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നീസ വെള്ളൂരിന്റെ കഥകളും കവിതകളും ഇനി അവിടെ വായിക്കാം. "പറയാതെ ഒരു യാത്ര" എന്ന പേരിൽ അവൾ എഴുതിയ ഒരു കഥയാണ് ആദ്യപോസ്റ്റാക്കിയിരിക്കുന്നത്.

നമ്മോടു വിടപറയുമ്പോൾ അവൾ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിനു ശേഷം അവൾക്ക് കൃത്യമായി സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. അവളുടെ ദുരിതവേദനകൾ മറക്കാൻ എഴുതിക്കൂട്ടിയ വേദനാ സംഹാരികളായി മാത്രമേ അവളുടെ രചനകളെ കാണാവൂ എന്നൊരു നിർദ്ദേശമുണ്ട്. വലിയ സാഹിത്യസൃഷ്ടിയുടെ കെട്ടും മട്ടും ഒരുപക്ഷേ അവയിൽ കണ്ടുകൊള്ളണമെന്നില്ല. എന്തുതന്നെയായാലും അവളുടെ പോസ്റ്റുകളിലെ കമന്റുകൾക്കു മറുപടിയുണ്ടാവില്ല. നിർദ്ദേശങ്ങളും വിമർശനങ്ങളും അവൾ അറിയുന്നുമുണ്ടാവില്ല. ആശംസകൾ വായിക്കാൻ അവൾ ഇന്നു ജീവിച്ചിരിപ്പില്ല. അവളുടെ ബ്ലോഗിലെ അവസാന പോസ്റ്റിലെ ആദ്യ കമന്റിനുണ്ടായ അവളുടെ പ്രതികരണം ഞാനറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ ബ്ലോഗിന്റെ കമന്റുബോക്സ് ഞാൻ തുറന്നുതന്നെ വയ്ക്കുന്നു. ഒരുപക്ഷേ നമ്മൾ കാണാത്ത ലോകത്തിരുന്ന് അവൾ നമ്മളെഴുതുന്ന അഭിപ്രായങ്ങൾ വായിച്ചു സന്തോഷിക്കുന്നുണ്ടാവുമെങ്കിലോ... ബൂലോകത്തെ ഒരുപാടു സ്നേഹിച്ച അവളുടെ ആ വരികളിലും വാക്കുകളിലും കൂടിയാവട്ടെ ഇനി അവൾ നമ്മോടു സംവദിക്കുന്നത്.

Jan 15, 2012

ശുദ്ധചിന്തകള്‍ വൃദ്ധിതേടുമ്പോള്‍

തിരക്കായിരുന്നു...
തിരക്കെന്നുപറഞ്ഞാൽ ഒരുമാതിരി വല്ലാത്ത തിരക്ക്!
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേർത്ത് സഞ്ചരിക്കാൻ ഈ തിരക്ക് അനിവാര്യമായി വന്നിരിക്കുന്നെന്നു പറയാം. ഈ സമയത്ത് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടുമെന്ന് സ്വപ്നേപി നിനച്ചതല്ല. ആവശ്യമുള്ള സമയങ്ങളിൽ ആവുന്നത്ര ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നുമില്ലല്ലോ. അതുകൊണ്ടുതന്നെയാവണം നാട്ടിലേയ്ക്കുള്ള യാത്ര ഏറ്റവും ആനന്ദദായകമായി അനുഭവപ്പെടുന്നത്. പുരോഗമനത്തിന്റെ പാതയിലൂടെ എന്റെ നാടും അതിദ്രുതം മുന്നേറിക്കാണും, അതങ്ങനെതന്നെ ആവണം. ഓണം കേറാമൂലകളെല്ലാം ഇന്ന് പരിഷ്കാരത്തിന്റെ പച്ചപ്പു തേടിക്കഴിഞ്ഞു. എന്റെ നാടിനും പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തോന്നിയെങ്കിൽ ഒരുപക്ഷേ അതും നല്ലതിനാവാം. മാനുഷികമൂല്യങ്ങൾക്ക് വിലകല്പിക്കുന്ന എന്റെ സമൂഹത്തിനുമാത്രം മാറ്റം വരാഞ്ഞാൽ മതിയായിരുന്നു.

റയിൽവേസ്റ്റേഷനിലും തിരക്കുതന്നെ, ഒന്നാം തീയതിത്തലേന്ന് ബീവറേജ് കോർപ്പറേഷൻ പരിസരത്തെ തിരക്കിനോളം വരില്ലെങ്കിലും അത്യാവശ്യം നല്ല തിരക്ക് ഓരോ ബോഗിയ്ക്കരികിലും കണ്ടു. അപ്പർബെർത്ത് തരപ്പെട്ടതു നന്നായി. ആരെയും ശല്യപ്പെടുത്താതെ അൽപ്പം നടുനിവർത്താം... തീവണ്ടിയിലെ പഴംപൊരിയും ചായയും കഴിച്ച് ബർത്തിലെ കരിയും തുടച്ച് വലിഞ്ഞുകേറിക്കിടന്നു.

മലകളുടേയും സ്റ്റെപ്പിയുടേയും കഥകളെ കനവിന്റെ മേമ്പൊടിയിൽ മുക്കി പ്രതീക്ഷയുടെ കണ്മുനചേർത്ത് ഒന്നുകൂടി തലോടാൻ അൽപ്പസമയംകിട്ടി. ചിംഗീസ് ഐത്മാത്തോവ് അല്ലേലും നല്ല എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ നോവലുകൾ പലവുരു വായിച്ചതാണെങ്കിലും യാത്രകളിൽ കൂടെക്കരുതുന്നത്. ഉറക്കം വരാൻ വായിച്ചുകൊണ്ടുകിടക്കുക എന്നത് പണ്ടേയുള്ള ശീലമാണല്ലോ.

കണ്ണുകൾക്കു കനം കൂടിവരുന്നു. താഴെയുള്ളവർ ഭക്ഷണപ്പൊതികളുടെ വേസ്റ്റ് പുറത്തേയ്ക്കെറിഞ്ഞുതുടങ്ങി. ബാക്കിവായന വീട്ടിലെത്തിയിട്ടാവാം.. താമസിയാതെ കമ്പാർട്ടുമെന്റിലെ വിളക്കുകളണയും, അതിനുമുമ്പ് ഉറക്കം തുടങ്ങാം...

ആദ്യാക്ഷരം കുറിച്ച അക്ഷരമുറ്റത്തേയ്ക്കു പോകുമ്പോൾ എന്തുത്സാഹമാണ്! അരക്കുമിഠായിയും മുറിപ്പെൻസിലും ചോളപ്പൊടിയുമെല്ലാം കൂട്ടുകാരുമായി പങ്കുവക്കുകയും ചില്ലറ കലഹങ്ങളും തല്ലുകൂടലുമെല്ലാം നിർബാധം നടത്തുകയും ചെയ്തിരുന്ന പള്ളിക്കൂടമാണ്. ഇണചേർന്നപോലെ നിന്നിരുന്ന പിലാവിനും മാവിനുമിടയിൽ  നാലുകൊല്ലം ഡ്രൈവർപണിയെടുത്തത് ഇന്നലെക്കഴിഞ്ഞപോലെ ഓർമ്മയിൽവന്നു. ഒരിക്കൽക്കൂടി അവിടെച്ചെന്നിരിയ്ക്കണം. മൈതാനത്തിനുമപ്പുറം ഇടതൂർന്ന കശുമാവിൻ തോപ്പിലെ കൊഴിഞ്ഞ ചുള്ളികൾ കഞ്ഞിപ്പുരയിലെത്തിക്കുന്നവർക്ക് ഒരുതവി ഗോതമ്പുചോറ് ഏറെക്കിട്ടിയിരുന്നല്ലോ.

ബാല്യത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടു നടന്നതുകൊണ്ടാവണം പള്ളിക്കൂടമെത്തിയതറിഞ്ഞില്ല. കുഞ്ഞുകൃഷ്ണപിള്ളസാർ മണ്മറഞ്ഞുകാണും,

ആരായിരിയ്ക്കും പുതിയ ഹെഡ്മാസ്റ്റർ..?

ചുറ്റുമതിലും അലങ്കാരഗേറ്റും പ്രതീക്ഷിച്ചുചെന്ന എന്ന അത്ഭുതപ്പെടുത്തിക്കളഞ്ഞു.

എല്ലാം ഏകദേശം പഴയതുപോലെത്തന്നെ പൊട്ടിയ ഓടുകളും കാലംചെയ്ത കഴുക്കോലുകളും എനിക്കു സ്വാഗതമോതി. മുറ്റത്തേയ്ക്കു കാൽ വച്ചപ്പോൾ വല്ലാത്തൊരു കുളിർമ അനുഭവപ്പെട്ടു...

കിത്തത്തീ സഗീറാ... വസ്‌മുഹാനമീറാ
ഷഹ്റുഹാ ജമീലൂ ളൈലുഹാ ത്വവീലൂ
ലഹ്‌ബുഹാ യുസല്ലി വഹ്‌യലികള്‌ല്ലി
തുള്‌ഹിറുൽമഹാറാ കൈത്തസീദ ഫാറാ...

അറബിപഠിക്കുന്നവർ ചൊല്ലിപ്പഠിച്ചത് കേട്ടുപഠിച്ചതാണ്. അന്ന് ഷംസുദ്ദീൻസാറുതന്ന മിഠായിയുടെ മധുരം ഓർമ്മവരുന്നു. ആ വർഷം അറബിപ്പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എനിയ്ക്കായിരുന്നല്ലോ. ചങ്ങാതിയായ മനുവിന്റെ അമ്മയുടെ പേര് സീതയെന്നറിയാവുന്നതുകൊണ്ട് അവനെക്കളിയാക്കാൻ അറബിപ്പദ്യത്തിന്റെ അവസാനവരി 'മനൂന്റമ്മ സീത'യെന്നാക്കിപ്പാടിയതിന് ചൂരൽക്കഷായം തന്നതും അതേ ഷംസുദ്ദീൻസാറായിരുന്നു.

ഓഫീസ് റൂമിൽനിന്ന് നീളൻ കുപ്പായവും കസവുകരമുണ്ടുമുടുത്ത് ഒരാൾ പുറത്തേയ്ക്കുവന്നു..
"ആരാ, മനസ്സിലായില്ലല്ലോ...."
കഷണ്ടികയറിയതലയിൽ അങ്ങിങ്ങുണ്ടായിരുന്ന വെള്ളിത്തലമുടിയും വെളുത്ത കുറ്റിത്താടിയുമൊഴിച്ചാൽ വലിയ മാറ്റമൊന്നും ആ രൂപത്തിൽ വരുത്തിയതായി തോന്നിയില്ല. എന്നാലും ചടങ്ങിനൊരു ചോദ്യമെറിഞ്ഞു.
"വിശ്വംഭരൻസാറല്ലേ...?"
"അതേ, എനിക്ക് ആളെ അത്രയങ്ങട്ട് പിടികിട്ടിയിട്ടില്ല ട്ടോ...."
"ഞാൻ കുമാരൻ... സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്...."
"കുമാരൻ... ഇല്ല ഓർമ്മ ശരിയ്ക്കങ്ങട്ട് കിട്ടുന്നില്ല..."
"പണ്ട് അറബിപ്പദ്യം ചൊല്ലിനടന്ന ആ പഴയ കുമാരനെ ഓർമ്മയില്ലേ...?"

മാഷിന്റെ ഓർമ്മകൾക്കും നരബാധിച്ചുവോ.. പ്രായംചെല്ലുമ്പോൾ എല്ലാരും ഇങ്ങനെയാവാം... ഓർമ്മകൾക്കു ഭംഗം വരാം..

"ഷംസുദ്ദീൻ സാറ്....?"
"മരിച്ചിട്ട് കൊല്ലം നാലുകഴിഞ്ഞു, കുറെക്കാലം കിടപ്പിലായിരുന്നു. ങാ.... പോയതുതന്നെ കാര്യം, അത്രയ്ക്കു കഷ്ടപ്പെട്ടു പാവം..."

നരകയറാത്ത ഓർമ്മകൾ അങ്ങിങ്ങു ചിതറിക്കിടക്കുന്നതനുഗ്രഹമായി തോന്നി. പഴയകാലം കുറേയെങ്കിലും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടല്ലോ....

സ്കൂളിന്റെ പിന്നാമ്പുറത്തേയ്ക്കു നടക്കുമ്പോൾ മാഷും കൂടെവന്നു. ഏക്കർകണക്കിനു കശുമാവിൻ തോപ്പുകളുണ്ടായിരുന്നതു റബ്ബർമരങ്ങളായി മാറിയിരിയ്ക്കുന്നു. മൈതാനത്തെ മറ്റെല്ലാ മരങ്ങളെല്ലാം അകാലമൃത്യു വരിച്ചിരിയ്ക്കുന്നു. ഞങ്ങളുടെ വാഹനവും കാണാനില്ല. അങ്ങനെയൊരു മൈതാനവും മരങ്ങളും ഗോതമ്പുചോറു വിളമ്പിയ കശുമാവിൻതോട്ടവും അവിടെയുണ്ടായിരുന്നെന്നു വിശ്വസിയ്ക്കാൻ പ്രയാസം തോന്നി. കഞ്ഞിപ്പുരയോടു ചേർന്ന് നീണ്ട മുള്ളുവേലികൊണ്ടു പള്ളിക്കൂടത്തിന്റെ അടിത്തറ വേർതിരിച്ചിരിക്കുന്നു.

നാളെ ഈ സ്കൂളുതന്നെ അപ്രത്യക്ഷമായേക്കാം...
കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ... കുഞ്ഞുകൃഷ്ണപിള്ളസാറിന്റെ എല്ലാമായിരുന്നു ആ പള്ളിക്കൂടം. പറമ്പും മറ്റു സ്വത്തുവകകളും വീതം വെച്ചുകൊടുത്തപ്പൊ സ്കൂളുമാത്രം ഒന്നിലും ഉൾപ്പെടുത്തിയില്ല. മക്കളെല്ലാം പരിഷ്കാരികളായി നഗരവാസികളായപ്പോൾ നാട്ടിൻപുറത്തെ നന്മയുടെ കലാലയം അനാഥത്വം രുചിച്ചുതുടങ്ങി. അധികം വൈകാതെതന്നെ നാടൻ പള്ളിക്കൂടങ്ങളിലൊന്നുകൂടി ചരിത്രം പോലുമല്ലാതായി മാറും. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷം അത്ഭുതമല്ലല്ലോ... നാട്ടിൻപുറത്തെ നാടൻ പള്ളിക്കൂടം ഇന്നാർക്കാണു വേണ്ടത്! കിലോമീറ്ററുകൾ പോയിട്ട് മീറ്ററുകൾ നടക്കാൻ കുട്ടികൾക്കവസരമില്ലല്ലോ. സമയമില്ലായ്മയുടെ നിറവിൽ മത്തിപോലടുക്കിയ യാത്രയയപ്പ് നമുക്കു ശീലമായിക്കഴിഞ്ഞല്ലോ. അല്ലെങ്കിലും അഭ്യാസം പഠിക്കുന്നത് ഇക്കാലത്ത് നല്ലതുതന്നെ!

"കോഫീ...ഗ്..., കോഫീ..ഗ്..."

മനോഹര കാഴ്ചകൾക്കു ഭംഗം വരുത്തിയവനെതിരേ പ്രതികരിക്കാൻ തോന്നിയില്ല. നിദ്രയെ നിഷേധിച്ചുകൊണ്ട് അന്നം തേടുന്ന അനേകരിൽ ഒരുവന്റെ ശബ്ദമാണു കേട്ടതെന്നതാവാം കാരണം. പഴയതെങ്കിലും വാച്ചിലെ സൂചികൾ കൃത്യമായിത്തന്നെ കറങ്ങുന്നു. ആദ്യബസ്സുതന്നെ കിട്ടും, ചൂടുകാപ്പി ഉന്മേഷം പകരുന്നുണ്ട്.

കവലയിൽ ബസ്സിറങ്ങിയപ്പോൾത്തന്നെ പ്രതീക്ഷതെറ്റാതെ ഒരു വിളിയെത്തി.
"കുമാരോ... "
കവലയുടെ കാവൽക്കാരൻ കൊച്ചാപ്പിച്ചേട്ടൻ!
മക്കളെല്ലാം വലിയ ഉദ്യോഗസ്ഥർ, വലിയനിലയിൽ ജീവിക്കുന്നവർ. അവർക്കുപക്ഷേ നാടൻ കൊച്ചാപ്പിച്ചേട്ടനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്..! അതങ്ങനെയാണ്, അനുഭവിക്കാനും വേണം യോഗം. നല്ലകാലത്ത് നാലാളെ നന്നായറിഞ്ഞു സഹായിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു നാട്ടാരെന്തായാലും നന്ദികേടുകാട്ടിയില്ല.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്നു പാടിയതാരാണ്?

വാതിൽക്കൽത്തന്നെ ശ്രീമതിയുണ്ടായിരുന്നു... ജീവിതത്തിന്റെ വലിയൊരളവു കഴിഞ്ഞുപോകുമ്പോഴും അതിലെ ചെറിയൊരളവുമാത്രം ഒരുമിച്ചുകഴിയാൻ വിധിയ്ക്കപ്പെട്ടവരാണല്ലോ അധികവും. ഒരുമയുടെ മാധുര്യം ഇപ്പോഴെങ്കിലും അനുഭവിച്ചുതുടങ്ങാൻ കഴിഞ്ഞതുതന്നെ ഭാഗ്യം.!

"യാത്ര സുഖമായിരുന്നോ....?"
"ഉം... ഇടയ്ക്ക് ദുയ്ഷേന്റെ സ്കൂളുവരെ ഒന്നു പോയി..."

അവൾക്കു മനസ്സിലായെന്നു തോന്നുന്നു. നല്ലപാതിയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ ചിലപ്പോഴെങ്കിലും സാഹിത്യം പറയാറുണ്ട്. തീവണ്ടിയുടെ താരാട്ടലിലുണർന്ന ഗൃഹാതുരത്വത്തിന്റെ കിനാവിനെക്കുറിച്ച് അങ്ങനെ പറയാൻ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ.

"ഇടയ്ക്ക് നന്നായൊന്നുറങ്ങിയെന്നു സാരം...."
അവൾക്കു കാര്യം പിടികിട്ടിയെന്നുറപ്പായി, വായനാശീലം അല്ലേലും നല്ലതുതന്നെ...


ദുയ്ഷേനെയറിയില്ലേ...?
ചിംഗീസ് ഐത്മാത്തോവിന്റെ "ആദ്യത്തെ അദ്ധ്യാപക"നിലെ നായകൻ. അദ്ദേഹവും അദ്ദേഹത്തിന്റെ പള്ളിക്കൂടവും എല്ലാർക്കും മാതൃകയാവേണ്ടതാണ്. പക്ഷേ ദുയ്ഷേനേയും അൽത്തിനായ് സുലൈമാനോവയെയും അറിയുന്ന വായനക്കാർ ഇന്നെത്രപേരുണ്ട്..? ഓർമ്മകളുടെ പോപ്ലാർകുരുന്നുകളെ തലയിലേറ്റാൻ എവിടെ നേരം! വെറുതേയല്ല വായന മരിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്നത്!

നാളെ രാവിലേതന്നെ സ്കൂളിൽ പോണം. ബാല്യകാല സുഹൃത്തുക്കൾ പലരും ദൈവനഗരവാസികളായിക്കഴിഞ്ഞു. ശേഷിച്ചവരിൽ കഴിയുന്നവരെ കാണണം.. ചങ്ങാത്തം പുതുക്കണം.. ഇനിയുള്ള നാളുകൾ അവർക്കൊപ്പമാണല്ലോ... മുള്ളുവേലികളെ ചുമക്കാനുള്ള ശേഷി അവർ കൈവരിച്ചിട്ടില്ലെന്നു കരുതാം.. എല്ലാം പഴയതുപോലെതന്നെയുണ്ടാവാം, അല്ലെങ്കിൽ സ്വപ്നദർശനത്തിനന്ത്യത്തിൽ സംഭവിച്ചതുപോലെ വെട്ടിയൊതുക്കിയിട്ടുണ്ടാവാം... 


(ചിത്രം വരച്ചുതന്നതിന് പ്രിയ ബ്ലോഗർ സുഹൃത്ത് നൗഷാദ് അകമ്പാടത്തിനോടു കടപ്പാട് )

Jan 4, 2012

ഇതു കാണാതെ പോകരുത്

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും.

 രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

 നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ.

 വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

 രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!