Pages

Nov 7, 2009

കാശില്ലാത്തവര്‍ക്കു വേണ്ടി...

പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍
ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം
നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പരിപാലിച്ചുപോരുന്ന വി ഐ പികളില്‍ ചിലര്‍ മാത്രമാണിവര്‍. ഇവയെയും മറ്റു ചില ചില്ലറ അസുഖങ്ങളേയും ഭക്ഷണ രീതികൊണ്ടുതന്നെ മാറ്റിയെടുക്കാന്‍ ചില നുറുങ്ങു വിദ്യകളാണ് ഈ പോസ്റ്റില്‍.

പ്രഷര്‍

കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.

ഷുഗര്‍


ഇതിനുള്ള പൊടിക്കൈ മരുന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. എന്നാലും ഇതിലും ഒന്നു കുറിയ്ക്കുന്നു. നല്ല കൊഴുപ്പുള്ള വെണ്ടക്കായ (ladies finger) ഏറിയാല്‍ മൂന്നെണ്ണം ഒരു സെന്റീമീറ്ററില്‍ കുറഞ്ഞ നീളത്തില്‍ വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് നല്ല പച്ചവെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതു ചെയ്യുനതാണ് ഉത്തമം. രാവിലെ ആദ്യ ഭക്ഷണമായി വെണ്ടക്കായ ഒഴിവാക്കി വെള്ളം മാത്രം കുടിച്ചാല്‍ ഷുഗര്‍ കുറയാന്‍ വളരെ നന്ന്. ചിലര്‍ക്ക് ഷുഗര്‍ പെട്ടെന്നു കുറയുന്നതിനാല്‍ അക്കൂട്ടര്‍ നാലോ അഞ്ചോ ദിവസം മാത്രം ഉപയോഗിച്ച ശേഷം അല്‍പ്പം ഇടവേള കൊടുക്കണം. വെണ്ടക്കായ ഉപ്പേരി (മെഴുകു വരട്ടി) പതിവായി ഉപയോഗിയ്ക്കുന്നവരില്‍ ഷുഗര്‍ പ്രോബ്ലം സാധാരണ കാണാറില്ല.

കൊളസ്ട്രോള്‍

പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി) കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു ദിവസം സ്ഥിരമായി കൃത്യസമയത്തു കഴിച്ചാല്‍ കൊളസ്ട്രോളിനു കുറവുണ്ടാകും. പുളിഞ്ചിക്കായ അച്ചാര്‍ സ്ഥിരം ഉപയോഗിയ്ക്കുന്നവരില്‍ സാധാരണ ഈ അസുഖം കാണാറില്ല. ഇനിയെങ്കിലും വീട്ടുമുട്ടത്തു കുലച്ചുമറിഞ്ഞു കിടക്കുന്ന പുളിഞ്ചിക്കായ കേടുവരുത്തിക്കളയാതെ അച്ചാറിട്ടു സൂക്ഷിയ്ക്കൂ. മീന്‍‌കറി പാചകം ചെയ്യുമ്പോള്‍ രണ്ടുമൂന്നെണ്ണം നെടുകെ കീറിയിട്ടാല്‍ കൊളസ്ട്രോളിനു കുറവും കറിയ്ക്കു രുചിയുമുണ്ടാകും. പോട്ടം ബ്ടെണ്ട്. ബ്ടന്നടിച്ചു മാറ്റിയതാ..

തലവേദന

പിടുത്തംവിട്ട തലവേദനയ്ക്ക് കുറവുണ്ടാകാന്‍ ബാം അന്വേഷിച്ചു കിട്ടിയില്ലെങ്കില്‍ പറമ്പിലിറങ്ങി ഒരുമൂടു തുമ്പച്ചെടി പിഴുതെടുത്ത് അല്‍പ്പം പച്ചക്കടുകും ചേര്‍ത്ത് നന്നായി അരച്ചു പുരട്ടൂ. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇടരുതെന്നു മാത്രം. കൂടുതലായാല്‍ ബാമിനെക്കാള്‍ ഭീകരനാകും, ചിലപ്പോള്‍ പൊള്ളിയേക്കാം.

പനി

പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും. ഇനി അങ്ങനെ തിന്നാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കഴിയ്ക്കാം, ചായയ്ക്കു കടിയുമാകും. പനിയുള്ളപ്പോള്‍ അതിനുള്ള മരുന്നായും അല്ലാത്തപ്പോള്‍ ഭക്ഷണമായും ചെറുപയര്‍ മാറുമെന്നര്‍ത്ഥം.

ചുമ, കഫക്കെട്ട്

ചൂടുകഞ്ഞി പ്ലാവില കുമ്പിള്‍‌കോട്ടി കോരിക്കുടിയ്ക്കുക, സ്പൂണ്‍ ഒഴിവാക്കുക. ചെറുപയര്‍ കൂടി ചേര്‍ത്ത കഞ്ഞിയാണെങ്കില്‍ ബഹുകേമം, പനികൂടി കുറയും. പ്ലാവില പച്ച തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുമ്പിള്‍ കോട്ടി കഞ്ഞികുടിച്ചിരുന്ന കാലത്ത് ചുമയും കഫക്കെട്ടും അന്യമായിരുന്നെന്ന കാര്യം ഓര്‍മ്മ വരുന്നുണ്ടോ?

ജലദോഷം

ചോറുതിന്നുന്നവര്‍ ചെറുചൂടോടെ തിന്നുക. അല്‍പ്പം സവാള (വലിയ ഉള്ളി) വട്ടത്തിലരിഞ്ഞത് അല്ലിയിളക്കി ചോറിന്റെ സൈഡില്‍ത്തന്നെ വയ്ക്കുക. തീറ്റയ്ക്കിടയില്‍ ഈരണ്ട് അല്ലി സവാളകൂടി കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ ജലദോഷത്തെ അകറ്റി നിര്‍ത്താം.

തല്‍ക്കാലം വടി നിങ്ങളെ ഏല്‍പ്പിയ്ക്കുന്നു. അടി കാര്യമായിട്ടു കിട്ടിയാല്‍ ഇതുപോലെയുള്ള വിവരക്കേടുകള്‍ പ്രതീക്ഷിയ്ക്കാം. ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇന്നും നാടന്‍ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മിയ്ക്ക അസുഖങ്ങളും അന്യം തന്നെയാണ്.

Nov 1, 2009

രണ്ടു താരാട്ടു പാട്ടുകള്‍

ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.