Pages

Feb 14, 2010

ഒരു ബ്ലോഗുവായനയുടെ ബാക്കിപത്രം

സഹസ്രയോഗ വിധിപ്രകാരം പുളിയില ഇടിച്ചുപിഴിഞ്ഞ ചാറില്‍ കൊട്ടംചുക്കാദി തൈലത്തിന്റെ കല്‍ക്കം ചേര്‍ത്ത് കടുകെണ്ണ ഇലിപ്പയെണ്ണ എള്ളെണ്ണ ആവണക്കെണ്ണ മുതലായ എണ്ണകള്‍ ചേര്‍ത്ത് കാച്ചിയരിച്ചെടുത്ത് യൂക്കാലിതൈലം പച്ചക്കര്‍പ്പൂരം പുല്‍‌ത്തൈലം മുതലായവ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്നതാണ് സ്പെഷല്‍ കൊട്ടം ചുക്കാദി തൈലം. ഈ തൈലം ഒരു സര്‍വ്വ രോഗസംഹാരിയാണ് എന്ന് അവകാശപ്പെടുന്നില്ല. വേദനയ്ക്ക് വളരെ നല്ലതാണ്.

വാതവേദന, വാതപ്പെരുപ്പ്, കാല്‍‌മുട്ടുവേദന, കൈമുട്ടുവേദന, കൈകാല്‍ കടച്ചില്‍, കോച്ച്, കൊളുത്ത്, ഉളുക്ക്, മിന്നല്‍, നടുവേദന, നട്ടെല്ലുവേദന, തലവേദന, പല്ലുവേദന തുടങ്ങിയവയ്ക്കെല്ലാം സിദ്ധൌഷധമാണിത്. പല്ലുവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി പല്ലിന്റെ പോടുള്ള ഭാഗത്തുവച്ചാല്‍ വേദന മാറിക്കിട്ടും.

തലവേദനയുണ്ടെങ്കില്‍ ലേശം തൈലം പഞ്ഞിയില്‍‌മുക്കി തലയുടെ പോടുള്ള ഭാഗത്തുവച്ചാല്‍ തലവേദന മാറിക്കിട്ടും! ഹല്ലപിന്നെ....

കൊട്ടോട്ടിക്കാരനും കൊട്ടംചുക്കാദിയും തമ്മില്‍ ബന്ധമൊന്നുമില്ല. കൊട്ടം ചുക്കാതി തൈലത്തിന്റെ നിര്‍മ്മാണവും വിതരണവും കൊട്ടോട്ടിക്കാരന്‍ ഏറ്റെടുത്തിട്ടുമില്ല. എന്നാലും ബൂലോകത്തെ പ്രിയ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന ആളെന്ന നിലയ്ക്ക് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മുന്നറിയിപ്പും പ്രതിവിധിയും പറഞ്ഞില്ലെങ്കില്‍ മോശമാവുമെന്നു കരുതി ഒന്നു കുറിയ്ക്കുന്നുവെന്നു മാത്രം.

ഈയിടെയായി ബൂലോക സുഹൃത്തുക്കളില്‍ ചിലരുടെ പോസ്റ്റുകള്‍ വായിച്ചാല്‍ ധനനഷ്ടം മാനഹാനി ഇവയിലുപരി കലശലായ വേദനയും സമ്മാനമായി കിട്ടുന്ന വിവരം പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാവും. എന്റെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റു വായിച്ച കാ‍രണത്താല്‍ ഊരയുളുക്കിക്കിടക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി. ഇപ്പോള്‍ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായ സമയത്ത് ഞാനും കൂടിയാണ് എന്റെ ഷോപ്പില്‍ ജോലിചെയ്യുന്നത്. കിടപ്പിലായ കാരണത്താല്‍ ചില വര്‍ക്കുകള്‍ സമയത്തു തീര്‍ത്തു കൊടുക്കാന്‍ കഴിയാത്തതിനാല്‍ കസ്റ്റമര്‍വക കിട്ടിയ തെറി മാനഹാനിയായും, തൈലത്തിനും ഉഴിച്ചില്‍‌ക്കാരന്റെ ഫീസും മുതലായ വകയില്‍ ചെലവായ തുക ധനനഷ്ടമായും, അതിലുപരി ഞാനനുഭവിച്ച തരക്കേടില്ലാത്ത വേദന ബ്ലോഗുപീഢനമായും ഞാന്‍ കണക്കാക്കുന്നു. പക്ഷേ ഇതിനൊക്കെ കാരണക്കാരനായ പ്രസ്തുത ബ്ലോഗര്‍ ഈ കാരണംതന്നെ പറഞ്ഞ് എന്നെ കളിയാക്കിയതില്‍ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.

ഏതായാലും ഈ മഹാന്മാരുടെ പോസ്റ്റുകള്‍ വായിയ്ക്കുന്ന പാവം വായനക്കാര്‍ മേല്‍ സൂചിപ്പിച്ച തൈലമോ അതുപോലുള്ളവയോ കരുതുന്നതു നന്നായിരിയ്ക്കും.