Pages

May 31, 2009

സാഹിത്യലോകത്തിന്‍റെ തീരാനഷ്ടം...


മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കമലാസുറയ്യ
ഈ ലോകംവിട്ട്‌ നമ്മെ ഏവരെയും വിട്ടു പോയി.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ പൂനെ
ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശ്വാസകോശ രോഗബാധയാണ്‌ കാരണം.
ഏറെനാളായി കടുത്ത പ്രമേഹരോഗത്തിനു ചികിത്സയിലായിരുന്നു.
സഹായി അമ്മുവും മകന്‍ ജയസൂര്യയും മരണസമയത്ത്‌അടുത്തുണ്ടായിരുന്നു.


പുന്നയൂര്‍കുളത്ത്‌ നാലപ്പാട്ട്‌ തറവാട്ടില്‍, എ. വി. നായരുടെയും
കവയിത്രി ബാലാമണിയമ്മയുടെയും മകളായി 1934 മാര്‍ച്ച്‌ 31 ജനനം.
ഭര്‍ത്താവ്‌ മാധവദാസ്‌ നേരത്തേ മരണപ്പെട്ടു.
എം. ഡി. നാലപ്പാട്‌, ചിന്നന്‍ ദാസ്‌ എന്നിവരും മക്കളാണ്‌.

മലയാളത്തില്‍ മാധവിക്കുട്ടിയെന്നും ഇംഗ്ളീഷില്‍ കമലാദാസെന്നും
സാഹിത്യ ലോകത്ത്‌ അറിയപ്പെട്ടു. 1999ല്‍ മതം മാറി കമലാസുറയ്യ
ആയപ്പോള്‍ കുറച്ചു വിവാദവും ഉണ്ടായിരുന്നു. 1955ല്‍
പുറത്തിറങ്ങിയ "മതിലുകള്‍" ആയിരുന്നു ആദ്യ കഥാസമാഹാരം.

തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, ചുവന്ന പാവാട,
തണുപ്പ്‌, പക്ഷിയുടെ മണം, എന്‍റെ സ്നേഹിത അരുണ,
തെരഞ്ഞെടുത്ത കഥകള്‍, മാനസി, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, എന്‍റെ കഥ,
മനോമി, നീര്‍മാതളം പൂത്ത കാലം, ചന്ദനമരങ്ങള്‍, ഡയറിക്കുറിപ്പുകള്‍,
വണ്ടിക്കാളകള്‍, ബാല്യകാല സ്മരണകള്‍ ഇങ്ങനെ മലയാളത്തിലും
കളക്റ്റഡ്‌ പോയംസ്‌, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്സ്‌ ഓഫ്‌ ല സ്റ്റ്‌,
ദ ഡിസ്റ്റന്‍സ്‌, ഓള്‍ഡ്‌ പ്ളേ ഹൌസ്‌ ഇങ്ങനെ ഇംഗ്ളീഷിലും പ്രധാന കൃതികള്‍.

ഇലസ്ട്രേറ്റഡ്‌ വീക്ക്‌ ലി ഓഫ്‌ ഇന്ത്യയുടെ പൊയട്രി എഡിറ്റര്‍ ആയിരുന്നു.
ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പോയട്രി പ്രൈസ്‌,
എഴുത്തച്ഛന്‍ പുരസ്ക്കാരം, കെന്‍
ഡ്‌ അവാര്‍ഡ്‌,
സാഹിത്യ അക്കാദമി പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്‌
മുതലായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

മലയാളത്തിന്‍റെ പ്രിയ കഥാകാരി കമലാസുറയ്യക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ബ്ളോഗ്‌ കുടുംബത്തില്‍ നിന്നും കൊട്ടോട്ടിക്കാരനും...

May 17, 2009

വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം

തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി...


അല്‍പം സമയവും ഫ്രിഡ്ജില്‍ അല്‍പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍

അടിപൊളി വൈന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം..!


ശ്രീ വര്‍ഗീസ്‌ കോയിക്കര നമുക്കു പറഞ്ഞുതന്ന
വൈന്‍ നിര്‍മ്മാണ രീതി നമുക്ക്‌ ഒന്നുകൂടി ഓര്‍മ്മിക്കാം.


കറുത്ത മുന്തിരി 3.5 കിലോഗ്രാം

പഞ്ചസാര 3.5 കിലോഗ്രാം

യീസ്റ്റ്‌ 20 ഗ്രാം

താതിരിപ്പൂവ്‌ 30 ഗ്രാം

പതിമുകം ഒരു ചെറിയ കഷണം

ഇഞ്ചി ഒരു വലിയ കഷണം

ഗ്രാമ്പൂ 15 ഗ്രാം

ജാതിപത്രി 20 ഗ്രാം

കറുകപ്പട്ട 20 ഗ്രാം

ഗോതമ്പ്‌ 200 ഗ്രാം

വെള്ളം 5.25 ലിറ്റര്‍




മുന്തിരി രണ്ടു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കിവയ്ക്കുക.
പതിമുകം ഇട്ടു വെള്ളം തിളപ്പിച്ചെടുക്കുക.
വെള്ളം നന്നായി തണുത്തതിനു ശേഷം പഞ്ചസാര ലയിപ്പിച്ച്‌ തുണിയില്‍ അരിച്ചെടുക്കുക.
ഇത്‌ പന്ത്രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ളാസ്റ്റിക്‌ ബക്കറ്റിലേക്കു മാറ്റുക.
ശേഷം ഗോതമ്പ്‌ കുതിര്‍ത്ത്‌ കഴുകിയതും ജാതിപത്രി,ഗ്രാമ്പൂ,കറുകപ്പട്ട പൊടിച്ചതും
ഇഞ്ചി ചതച്ചതും ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക.


ഒരു ഗ്ളാസ്‌ ചെറു ചൂടു വെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര
ലയിപ്പിച്ച്‌ അതില്‍ യീസ്റ്റ്‌ ചേര്‍ത്തു വയ്ക്കുക.
കുറച്ചു സമയത്തിനകം രൂപപ്പെടുന്ന പത പുറത്തു പോകാതെ ശ്രദ്ധിക്കണം.


പത്തു മിനിട്ടിനു ശേഷം ഇത്‌ ബക്കറ്റിലേയ്ക്കൊഴിച്ച്‌ നന്നായി ഇളക്കുക.
കഴുകി വച്ചിരിക്കുന്ന മുന്തിരി അടര്‍ത്തിയെടുത്ത്‌ നന്നായി ഉടച്ച്‌
ബക്കറ്റിലെ ലായനിയിലേക്കു നിക്ഷേപിക്കാം.
താതിരിപ്പൂവ്‌ കഴുകി വൃത്തിയാക്കി ബക്കറ്റിലിട്ട്‌ ഇളക്കി അടച്ചുവക്കുക.


ദിവസവും രാവിലെ അഞ്ചുമിനിട്ട്‌ ഇളക്കുക.
ഒരു പരന്ന പാത്രത്തില്‍ വെള്ളമൊഴിച്ച്‌ ബക്കറ്റ്‌ അതിലിറക്കിവച്ചാല്‍
ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാം.
ഇരുപത്തൊന്നാംദിവസം വൈന്‍ ഉണങ്ങിയ തുണിയില്‍ അരിച്ചെടുക്കുക.
ബക്കറ്റ്‌ കഴുകിത്തുടച്ച്‌ അതിലൊഴിച്ചു വയ്ക്കാം.


ഒരാഴ്ച്ച കഴിഞ്ഞ്‌ ഊറ്റിയെടുക്കുക- ഇത്‌ പല ദിവസങ്ങളില്‍ ആവര്‍ത്തിക്കുക.
ഏകദേശം നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞാല്‍ കിട്ടുന്ന തെളിഞ്ഞ വൈനില്‍
അരക്കിലോ പഞ്ചസാര കരിച്ചെടുത്ത്‌ ലയിപ്പിച്ച്‌ ഒരിയ്ക്കല്‍ക്കൂടി
അരിച്ചെടുത്ത്‌ കുപ്പികളിലാക്കി കോര്‍ക്കുകൊണ്ടടച്ച്‌ സൂക്ഷിക്കാം.

May 15, 2009

അല്‍പ്പനു സിസ്റ്റം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും ഗെയിം കളിക്കുമെന്നു പറയുന്നതു വെറുതെയല്ല.. !

നേരേചൊവ്വേ ഒരു പോസ്റ്റിടാനുള്ള ത്രാണി ഈ നുണയനില്ലെങ്കിലും

എന്തെങ്കിലുമൊക്കെ തോന്ന്യവാസങ്ങള്‍ എഴുതി

ബൂലോകരെ ശല്യം ചെയ്യാന്‍ തുടങ്ങിയതായിരുന്നു.


പോസ്റ്റുകളുടെ "ഗുണമേന്‍മ" അത്രക്കു കൂടിയതു കൊണ്ടാവണം

നല്ല ഒന്നാംതരം, എന്നുപറഞ്ഞാല്‍ എന്‍റെ അറിവില്‍ പെട്ടിടത്തോളം ഏറ്റവും

ഊര്‍ജ്ജസ്വലതയുള്ള വൈറസ്‌ എന്‍റെ കമ്പ്യൂട്ടറില്‍ത്തന്നെ കയറിക്കൂടിയത്‌.


ഒന്നു ബ്ളോകുന്നതിന്‍റെ ബുദ്ധിമുട്ട്‌ നല്ലതുപോലെ അറിഞ്ഞ ദിനങ്ങള്‍.

ഗണിനിത്തമ്പുരാട്ടിയെ ബൂലോകം കണ്ടു വാങ്ങിയതാണ്‌.


അതിന്‍റെ അനന്ത സാധ്യതകളെ, "അപ്പൂപ്പോര്‍ണ്‍"-ലൂടെ

ബെര്‍ലിച്ചന്‍ കാണിച്ചുതന്ന ആ മഹാസത്യത്തെ നേരിട്ടു

ദര്‍ശിക്കാന്‍ തോന്നിയ ആക്രാന്തം ഇത്രയും വലിയ സംഭവമാകുമെന്ന്‌

ദൈവത്തിനാണെ വിചാരിച്ചതല്ല.

ഫോര്‍മാറ്റു ചെയ്താലും പോകാത്ത വൈറസ്സോ..?

തീക്കട്ടയില്‍ ഉറുമ്പരിക്കില്ലെന്നു പറഞ്ഞവന്‍റെ മണ്ടക്കിട്ടു കൊട്ടണം.


"അപ്പൂപ്പോര്‍ണ്‍" വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പണ്ട്‌

ഫില്‍ഗിരി പള്ളിപ്പെരുന്നാളിന്‌ ഫ്രാന്‍സിസച്ചന്‍ എന്തിനോവേണ്ടി പറഞ്ഞ

'കണ്ണുണ്ടായാല്‍പ്പോരാ കാണണം' എന്ന പഴംചൊല്ല്‌ ഓര്‍മ്മവന്നത്‌.

കണ്ടു, കണ്‍നിറച്ചു കണ്ടു. അതിന്‍റെ ഫലം അനുഭവിക്കേം ചെയ്തു.


സംഭവിച്ചതെല്ലാം നല്ലതിന്‌.

ഇപ്പോ സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്‌.

നാളെ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ അപ്പോപ്പറയാം...


ഇപ്പോ എന്തായാലും സമാധാനമായി...

May 10, 2009

വായില്‍തോന്നിയതു കോതയ്ക്കു പാട്ട്‌...

എന്താണിങ്ങനെ..?

ഭാരതീയ മാനവസമൂഹം വെറും പൊട്ടന്‍മാരായി മാറിയോ..?
ചിന്താശേഷി നഷ്ടപ്പെട്ടു മരപ്പാവയെപ്പോലെയിരിക്കുന്നു !
പ്രതികരണ ശേഷിയില്ലാത്ത അഥവാ പ്രതികരിക്കാന്‍ അനുമതിയില്ലാത്ത അടിമയെപ്പോലെ !

പാശ്ചാത്യ രാജ്യങ്ങള്‍ ഭാരതത്തെ പരീക്ഷണ ശാലകളാക്കി
മാറ്റുമ്പോള്‍ അതു നമ്മുടെ മാധ്യമങ്ങള്‍ നാലിഞ്ച്‌
ഒറ്റക്കോളം വാര്‍ത്തയാക്കി ചുരുട്ടിക്കെട്ടിയാല്‍....?

തമ്മിലടിയും തൊഴുത്തില്‍ക്കുത്തും പീഢനങ്ങളും ജനപ്രിയ വാര്‍ത്തകളാകുമ്പോള്‍
സാമൂഹിക പ്രശ്നങ്ങള്‍ക്കെന്തുവില ?

നമ്മുടെ ആരോഗ്യ രംഗത്തെക്കുറിച്ചാണ്‌...

പാശ്ചാത്യ രാജ്യങ്ങളുടെ പാത നമ്മുടെ രാജ്യത്തെ ചില മരുന്നു കമ്പനികളും
എന്തിനേറെ നാട്ടുമ്പുറത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും അനുകരിക്കുമ്പോള്‍
നല്ലൊരു ജനവിഭാഗം നട്ടം തിരിയുന്നുണ്ട്‌.

മരുന്നുകമ്പനികളുടെ തീരുമാനത്തിനനുസരിച്ചു മരുന്നെഴുതുന്നവര്‍ക്ക്‌
രോഗമേതായാലും മരുന്നു ചെലവായാല്‍ മതി..!
അവര്‍ക്കു സഹചര മെഡിക്കല്‍ ലാബുകള്‍ വേറെ !

മരുന്നു ഷാപ്പുകളും അതുപോലെ. ഒരേ മരുന്നിനു പലവില.
വിലപേശി വാങ്ങാന്‍ കഴിയില്ലല്ലോ.
പാരസെറ്റാമോള്‍ 250 കുപ്പിമരുന്നിന്‌ ഒരുദിനം എട്ടു രൂപ.
പിറ്റേന്നു മറ്റൊരു കമ്പനിയുടേതു പതിനെട്ടു രൂപ. കുഴപ്പം നമ്മുടെ കയ്യിലുമുണ്ട്‌.

കുട്ടിയെ കുളിപ്പിക്കാന്‍ ജോണ്‍സണ്‍ തന്നെ വേണം.
പിന്നെ പൌഡറും. അതുകഴിഞ്ഞാല്‍ സെറിലാക്‌, ബോണ്‍ വിറ്റ,
ഹോര്‍ലിക്സ്‌, ബൂസ്റ്റ്‌ എന്തൊക്കെ തേങ്ങാക്കുലകളാണ്‌..!
പയറുപൊടിയും താളിയും രാഗികുറുക്കിയതും ചോളപ്പൊടിയും ആര്‍ക്കും വേണ്ട.

(എല്ലാം കൂടി സാമ്പാറുപോലെ പറയുന്നതിന്‌ എന്നോട്‌ ദേഷ്യം തോന്നരുത്‌.
വായില്‍ വരുന്നതു പറയുമെന്നു ജാമ്യമെടുത്തിട്ടുണ്ട്‌).

ഇംഗ്ളീഷ്‌ മരുന്നേ നമ്മുടെ അസുഖം മാറ്റൂ എന്ന ചിന്തക്കു കുറവു വരുത്തണം.
നാം അലോപ്പതി സ്വപ്നം കാണുന്നതിനു മുമ്പേ ഇവിടെ ആയുര്‍വേദമുണ്ടായിരുന്നല്ലോ.
അന്നൊന്നും പക്ഷിപ്പനിയും പന്നിപ്പനിയും പട്ടിപ്പനിയും ഉണ്ടായിരുന്നുമില്ല.
മനുഷ്യന്‍റെ നെറികെട്ട ജീവിതരീതിയാണ്‌ ഇതൊക്കെയുണ്ടാക്കുന്നതും.
ആയുര്‍വേദത്തെ ഒന്നു സ്നേഹിച്ചുനോക്കൂ... നിങ്ങളുടെ ആരോഗ്യ ജീവിതം കൂടുതല്‍ മെച്ചപ്പെടും.

വാതം മൂര്‍ച്ഛിച്ച ഒരാള്‍ ആയുര്‍വേദമാണ്‌ വിധിയാം വണ്ണം ചെയ്യുന്നതെങ്കില്‍
സാധാരണമനുഷ്യനായി ആരോഗ്യത്തോടെ ജീവിക്കാം.
ഈ നുണയന്‍ അതിനൊരു ഉദാഹരണമാണ്‌.
പെരുമുട്ടുവാതം പിടിച്ചിരുന്നു എന്നു പറയുമ്പോള്‍ അലോപ്പതി
ഡോക്ടര്‍മാരുടെ നെറ്റി ചുളിയുന്നത്‌ നേരിട്ടുകണ്ടിട്ടുണ്ട്‌.
അതേസമയം ഇതേ രോഗം ബാധിച്ച എന്‍റെ സുഹൃത്ത്‌ ശശി ചെട്ടിയാര്‍
അലോപ്പതി ചികിത്സയും കഴിഞ്ഞ്‌ ഇന്നു നടക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌.

അലോപ്പതിയെ കുറ്റം പറയുകയല്ല. മേല്‍ പരാമര്‍ശിച്ചതുപോലെയുള്ള ഗുരുതര രോഗങ്ങള്‍ക്ക്‌ അലോപ്പതിയില്‍ ചികിത്സയില്ല.

അലോപ്പതിയില്‍ മരുന്നില്ലാത്ത ഒരു രോഗത്തിന്‌ ചികിത്സയേറ്റുവാങ്ങുന്ന
ഒരു രോഗിയെയും അതറിഞ്ഞുകൊണ്ടു ചികിത്സിക്കുന്ന ഒരു ഡോക്ടറേയും കൊട്ടോട്ടിക്കാരന്‌ നേരിട്ടറിയാം. വിറ്റാമിന്‍ ഗുളികകളാണ്‌ കൊടുക്കുന്നത്‌.

അലോപ്പതിയില്‍ ചികിത്സയില്ലാത്ത രണ്ടു രോഗങ്ങളെ
നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്താം.
ഗുണമുണ്ടായില്ലെങ്കിലും എന്തായാലും ദോഷമുണ്ടാവില്ല.

മഞ്ഞപ്പിത്തം

രക്തത്തില്‍ ബെലിറൂബിന്‍റെ അളവ്‌ 1.2- ല്‍ കൂടിയാല്‍ കീഴാര്‍നെല്ലി സമൂലം
പിഴിഞ്ഞ നീര്‌ പശുവിന്‍പാലില്‍ ചേര്‍ത്തുകുടിക്കാം. കുടിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ആ വെള്ളത്തില്‍ നാലഞ്ചു കൃഷ്ണതുളസിയില ഇട്ടോളൂ. മഞ്ഞപ്പിത്തത്തിനു ശമനം കിട്ടും.
ഈ വെള്ളം ശീലമാക്കുന്നവര്‍ക്ക്‌ മഞ്ഞപ്പിത്തം അന്യമായിരിക്കും.

അതുപോലെ ആളുകള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന, ഒരുകാലത്ത്‌
പണക്കാരന്‍റെ സ്വന്തവും ഇപ്പോള്‍ സര്‍വ്വവ്യാപിയുമായ
പ്രമേഹം.

ഈ അസുഖമുള്ളവര്‍ കര്‍ഷകരാണെങ്കില്‍ നല്ല നാടന്‍ വെണ്ട നാലുമൂടു നട്ടുപിടിപ്പിച്ചോളൂ. അല്ലാത്തവര്‍ പച്ചക്കറിക്കടയില്‍നിന്നു അണ്ണാച്ചിവെണ്ട വാങ്ങിക്കോളൂ.
ഉറങ്ങുന്നതിനു മുമ്പ്‌ ഒരുഗ്ളാസ്‌ പച്ചവെള്ളമെടുക്കാം.
തിളപ്പിച്ചാറിയ വെള്ളമായാലും മതി. നാടനാണെങ്കില്‍ മൂന്നും
അണ്ണാച്ചിയാണെങ്കില്‍ നാലും വെണ്ടക്ക വട്ടത്തിലരിഞ്ഞ്‌ അതിലിട്ടോളൂ.
രാവിലെ എഴുന്നേറ്റ ഉടന്‍ വെണ്ടക്ക ഒഴിവാക്കി വെള്ളം കുടിച്ചോളൂ ദിവസം ഒരുനേരം.
ഷുഗറിന്‍റെ അളവ്‌ കുറയുമ്പോള്‍ നിര്‍ത്താം.
അങ്ങനെ ഷുഗര്‍ നിയന്ത്രിക്കാം.

May 9, 2009

ഇന്ത്യന്‍ റെയില്‍വേയും കൂതറ പരമുവിന്‍റെ പോക്കണംകെട്ട വര്‍ത്തമാനങ്ങളും...

യാത്രക്കാരുടെ ശ്രദ്ധക്ക്‌...

വലുതും ചെറുതും ചെറുതും വുലുതുമായ
തീവണ്ടി യാത്രകള്‍ സൌകര്യപ്രദമാക്കാന്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍.. ,
ആവശ്യമുള്ളവര്‍ക്കു വേണ്ടി മാത്രം...

ടിക്കറ്റ്‌ നമുക്കു ബാധകമല്ലെന്നു പ്രധാനമായും മനസ്സിലാക്കുക.
അല്ലാതെതന്നെ റയില്‍വേ ലാഭത്തിലാണ്‌.
സൌജന്യയാത്ര നോര്‍ത്തിന്ത്യന്‍സിന്‍റെ കുത്തകയല്ല.

പ്ളാറ്റുഫോം ടിക്കറ്റെന്ന തരംതാണ ഏര്‍പ്പാട്‌ ആരും മെയിന്‍റു ചെയ്യേണ്ടതില്ല.
അതു റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്‌ പുട്ടടിക്കാനുള്ളതാണ്‌.

ജനറല്‍ കോച്ചുകളില്‍ സീറ്റിലുറങ്ങുന്നവനെ തെറിവിളിച്ചോടിക്കാം.
വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ അവിടെക്കിടക്കാം.
ചെവിയില്‍ പഞ്ഞി തിരുകുന്നത്‌ നല്ലതാണ്‌.

ലൈറ്റും ഫാനും യധേഷ്ടം ഉപയോഗിക്കുക,
കറണ്ടുബില്ലു നമ്മള്‍ കൊടുക്കുന്നില്ലല്ലോ... !!

മേല്‍പ്പാലം തിരഞ്ഞു നടക്കുന്ന സമയംകൊണ്ട്‌ പാളം
മുറിച്ചു നടന്നാല്‍ നമുക്ക്‌ സമയം ലാഭിക്കാം.

ട്രയിനില്‍ കയറുമ്പോള്‍ ഇറങ്ങുന്നവര്‍ക്കു സൌകര്യം ഉണ്ടാക്കിക്കൊടുക്കാന്‍
നിന്നാല്‍ ട്രയിന്‍ അതിന്‍റെ വഴിക്കുപോകും.
അതിനാല്‍ ഇടിച്ചുതന്നെ കയറുക.

ഒരു ടേപ്പുറിക്കാര്‍ഡര്‍ കൂടെക്കരുതിയാല്‍ അതു നിങ്ങള്‍ക്ക്‌ ഉപകാരപ്പെടും.
അതു കുത്താനുള്ള സൌകര്യം മിയ്ക്ക ട്രയിനിലും വാതിലിനടുത്തായി കാണും.

ടിക്കറ്റെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിട്ടില്ല.
റയില്‍വേ കനിഞ്ഞു നല്‍കിയിട്ടുള്ള ഈ സൌകര്യം പമാവധി പ്രയോജനപ്പെടുത്തുക.

ഓടുന്ന വാഹനത്തില്‍ കള്ളുകുടി അനുവദിച്ചിട്ടുള്ളതിനാല്‍
നമുക്ക്‌ ഓടിക്കുടിക്കാവുന്നതാണ്‌. പുവലിക്കുന്നവര്‍
ഫുട്ബോഡോ അപ്പര്‍ബെര്‍ത്തോ മാത്രം ഉപയോഗിക്കുക.

സമയത്തിന്‌ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബോംബു ഭീഷണി
എന്ന കലാപരിപാടി നടത്താവുന്നതാണ്‌.
ഇതു പലരും പലപ്പോഴും നടപ്പിലാക്കിയിട്ടുള്ളതാണ്‌.
ഇതിനുവേണ്ടി പ്രത്യേക മൊബൈലും സിംകാര്‍ഡും കരുതിയിരിക്കണം.
മറ്റാരുടെയെങ്കിലും ഐഡിയിലോ ഡ്യൂപ്ളിക്കേറ്റ്‌ ഐഡിയിലോ കണക്ഷനെടുക്കാം.

വണ്ടി സ്റ്റേഷനില്‍ നിറുത്തിയിടുമ്പോള്‍ ഒന്നിനും രണ്ടിനും പോകാം, കുലുങ്ങിക്കുലുങ്ങിയുള്ള ഏര്‍പ്പാട്‌ ശരിയായിക്കൊള്ളണമെന്നില്ല.

(കോയമ്പത്തൂരേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്‌ - ഈ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ ഓട്ടോറിക്ഷായില്‍ മാത്രമേ ഉക്കടത്തേക്കും ഗാന്ധിപുരത്തേക്കും പോകാവൂ... )

ശുഭയാത്ര.....

യുവര്‍ അറ്റന്‍ഷന്‍ പ്ളീസ്‌.....

May 1, 2009

തൊഴിലാളി ഐക്യം സിന്ദാബാദ്‌....!

അദ്ധ്യായം ഒന്ന്‌
കൊല്ലത്തിനടുത്ത്‌ കടക്കല്‍- പാറക്കാട്‌ അണ്ടിയാപീസ്‌...
താഴിട്ടുപൂട്ടിയ ഗേറ്റിന്റെ ഇരുവശത്തുമായി പന്തലുകള്‍ രണ്ട്‌...
കൊടികള്‍ക്കുമുണ്ട്‌ നിറവൈശിഷ്ട്യം...
പൂട്ടിക്കിടക്കുന്ന ഫാക്ടറി തുറപ്പിക്കാനുള്ള തത്രപ്പാടാണ്‌ !
മൂന്നുമാസത്തിലേറെയായിരിക്കുന്നു സമരം തുടങ്ങിയിട്ട്‌.
സാമ്പത്തിക പരാധീനത വിളിച്ചോതുന്ന മുഖങ്ങളെ കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി.
അടുപ്പില്‍ തീ പുകക്കാന്‍ കഴിയാത്ത തൊഴിലാളിസമൂഹം.....

അദ്ധായം രണ്ട്‌
അശാന്തിക്ക്‌ അറുതിയായി.
പുതിയ മാനേജുമെന്റിന്റെ കീഴില്‍ അണ്ടിക്കമ്പനി തുറന്നിരിക്കുന്നു.
ചിമ്മിനിക്കുള്ളില്‍നിന്ന്‌ കറുത്ത പുക ചുറ്റും പടരുന്നു.
അന്തരീക്ഷം നിറയെ അതിന്റെ ഗന്ധം...
തല്ല്‌... പീലിംഗ്‌... ഗ്രേഡിംഗ്‌...
തൊഴിലാളികള്‍ക്കു സന്തോഷം.
കമ്പനിവാതുക്കല്‍ ചായപ്പീടിക നടത്തുന്ന പൊട്ടന്‍പാക്കരനും ആഴ്ച്ചപ്പിരിവുകാരന്‍ അണ്ണാച്ചിക്കും അതിലേറെ സന്തോഷം...

അദ്ധ്യായം മൂന്ന്‌
അണ്ടിക്കമ്പനിയുടെ മുന്നിലെ പന്തലുകള്‍ വീണ്ടും സജീവമായിരിക്കുന്നു...
രണ്ടുകൂട്ടരും മത്സരിച്ചു മുദ്രാവാക്യം വിളിക്കുന്നു...
ബോണസ്സു കുറഞ്ഞതാണു പ്രശ്നമെന്നറിഞ്ഞു..!
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതിനും തീരുമാനമായി...
ഏതായാലും പന്തല്‌ പൊളിക്കണ്ട...
ഇനിയും ആവശ്യം എന്തായാലും വരും...
ഇത്‌ ഒരു സാമ്പിള്‍ മാത്രം..
മര്യാദയുള്ള തൊഴിലാളിയാവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല.
അങ്ങനെ സംഭവിച്ചാല്‍ നേതാക്കള്‍ക്ക്‌ മെയ്യനങ്ങാതെ ഞണ്ണാന്‍ പറ്റില്ലല്ലോ..
ഹൈക്കോടതിയുടെ അഭിപ്രായം അക്ഷരം പ്രതി ശരിയാണ്‌.
തൊഴിലാളികള്‍ അവരുടെ കടമകളും കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വവും ചിന്തിക്കുന്നതില്‍ കൂടുതല്‍ അവരുടെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു.
അതുകൊണ്ടാണല്ലോ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വ്യവസായസ്ഥാപനങ്ങള്‍ കേരളത്തില്‍ മാത്രം പണം മുടക്കാന്‍ തയ്യാറാവുന്നത്‌..!
(തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്നു കരുതരുത്‌. തന്റെ തൊഴില്‍ സ്ഥാപനം നന്നായിരിക്കണമെന്നു ആത്മാര്‍ത്ഥമായി കരുതുന്ന തൊഴിലാളികള്‍ ധാരാളമുണ്ട്‌).
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലികിട്ടുന്നത്‌ കേരളത്തിലാണെന്നാണ്‌ തോന്നുന്നത്‌.
എന്നാലും ആക്രാന്തത്തിനു കുറവൊന്നുമില്ല..!
എത്ര കിട്ടിയാലും തികയാത്ത സ്വഭാവം നമുക്ക്‌ തീരെയില്ലല്ലോ.!
വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലെന്നു പേരു പറഞ്ഞു നടന്നതുകൊണ്ടു പ്രയോജനം പ്രതീക്ഷിക്കുന്നവര്‍ വാഴക്ക തിന്നുന്നതിനു പകരം "വാഴക്കാ"യെന്നു പറഞ്ഞു നടന്നാല്‍ മതി..!
ഒരു തൊഴില്‍ സ്ഥാപനം പൂട്ടിക്കാന്‍ വളരെ എളുപ്പമാണ്‌...
തൊഴിലാളികളെ പിരിച്ചു വിടുന്നതാണു പ്രശ്നമെങ്കില്‍ അവരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്നപരിഹാരം നടത്താന്‍ കഴിയും.
അതിനു തൊഴിലുടമകള്‍ ഒന്നു മനസ്സു വക്കണം.
പണിമുടക്കല്ല, ക്രിയാത്മകമായ ചര്‍ച്ചകളാണു വേണ്ടത്‌.
തൊഴില്‍ സ്ഥാപനത്തോടു കൂറുള്ള തൊഴിലാളികളെ തൊഴിലുടമ പീഢിപ്പിക്കുമെന്ന്‌ ഈയുള്ളവന്‌ അഭിപ്രായമില്ല.