ഇത് എന്റെ രണ്ടാം ബ്ലോഗുമീറ്റ്.
വെളുപ്പിനു നാലുമണിയ്ക്കു തന്നെ ഉണര്‍ന്നു. ഇരുപതുമിനിട്ടുകൊണ്ട് കുളിയും തേവാരവും കഴിച്ച് ബൈക്കില്‍ തിരൂരിലേയ്ക്ക്. ആറുമണിയ്ക്കുള്ള തീവണ്ടിയായിരുന്നു ലക്ഷ്യം. സ്റ്റേഷനില്‍ അല്‍പ്പസമയമേ നില്‍ക്കേണ്ടിവന്നുള്ളൂ, അപ്പോഴേയ്ക്കും ഇസ്മായില്‍കുറുംപടി എത്തി. തീവണ്ടി എട്ടുമണിയ്ക്കേ ഉള്ളുവെന്നറിഞ്ഞപ്പൊ ഞങ്ങളില്‍ അല്‍പ്പം നിരാശ പടര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശകടത്തില്‍ മുക്കിയും മൂളിയും ഒരുവിധത്തില്‍ എറണാകുളം ഇടപ്പള്ളിയിലെത്തി. തബാറക് റഹ്മാന്റെ ഫോണ്‍കോള്‍ അറ്റന്‍ഡുചെയ്ത് നേരേ ഹൈവേയ്ക്ക്. മീറ്റിനുള്ള ചിട്ടവട്ടങ്ങള്‍ തയ്യാറാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.
ചെറായിയില്‍ പരിചയപ്പെട്ട മുഖങ്ങളില്‍ കുറച്ചുപേരോട് പരിചയം പുതുക്കി പുതിയ മുഖങ്ങളുടെ അടുത്തേയ്ക്കു നടന്നു. അപ്പോഴേയ്ക്കും മീറ്റു തുടങ്ങി. ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ ബൂലോകത്തിലൂടെ തത്സമയ സംപ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു. വിശദമായ പരിചയപ്പെടുത്തലുകള്‍ക്കു ശേഷം മുറുകന്‍ കാട്ടാക്കടയുടെ ഒരു കവിത അദ്ദേഹം തന്നെ ആലപിച്ചു. അനന്തരം സ്വകാര്യ പരിചയപ്പെടലുകള്‍ നടക്കുമ്പോള്‍ ചൂടുഭക്ഷണം മാടിവിളിയ്ക്കുന്നുണ്ടായിരുന്നു. അതിനെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നുകരുതി സംഗതി കുശാലാക്കി.
കുറേയധികം ബ്ലോഗര്‍മാരെക്കൂടി പരിചയപ്പെടാനും കാപ്പിലാന്, തബാറക് റഹ്മാന്, സജിം തട്ടത്തുമല തുടങ്ങിയ നേരിട്ടു ഫോണിലും ചാറ്റിലും മാത്രം സംവദിച്ചിരുന്ന മറ്റു ചിലരെ നേരിട്ടു കാണാനും കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നു. മീറ്റ് എറണാകുളത്തേയ്ക്കു പറിച്ചു നടേണ്ടിവന്ന സാഹചര്യത്തില്‍ വളരെ തിരക്കുപിടിച്ച് അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്തുകയും വളരെ ഭംഗിയായി ബ്ലേഴ്സ് മീറ്റ് നടക്കാന്‍ വളരെ പണിപ്പെട്ട, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവന്, പ്രവീണ്‍ വട്ടപ്പറമ്പത്ത്, യൂസുഫ്പ എന്നിവര്‍ക്ക് എന്റെ പ്രത്യേക നന്ദി അറിയിയ്ക്കുന്നു. ഒപ്പം മറ്റുള്ളവര്‍ക്ക് ആശംസകളും....
ബൂലോകത്തെ ആദ്യ പത്രമായ ബൂലോകം ഓണ്‍ലൈന്റെ വിതരണവും ഉണ്ടായിരുന്നു കുമാരന്റെ കുമാരസംഭവങ്ങള്‍ കാപ്പിലാന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നീ പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. എല്ലാംകൊണ്ടും വളരെ മനോഹരമായി പര്യവസാനിച്ച ഒന്നായാണ് എറണാകുളം മീറ്റ് എനിയ്ക്കനുഭവപ്പെട്ടത്. മീറ്റില്‍ പങ്കെടുത്ത എല്ലാവര്ക്കും ഒരിയ്ക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു.